| Tuesday, 8th December 2020, 4:01 pm

ബി.ജെ.പിക്കെതിരെ രണ്ടും കല്‍പ്പിച്ച് പ്രതിപക്ഷം; അണിയറയില്‍ ഒരുങ്ങുന്ന പദ്ധതികള്‍ ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബി.ജെ.പിക്കെതിരെ ദേശീയ തലത്തില്‍ സഖ്യം രൂപീകരിക്കുന്നതിന്റെ പുതിയ സൂചനകള്‍ നല്‍കി എന്‍.സി.പി മേധാവി ശരദ് പവാര്‍.
കര്‍ഷക പ്രതിഷേധം അടിച്ചമത്താന്‍ കേന്ദ്രം ശ്രമം തുടരുന്നതിനിടെയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നിര്‍ണായകമായ നീക്കം.

നാളെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കള്‍ കൂടിക്കാഴ്ച നടത്തി സംസാരിക്കുമെന്ന് പവാര്‍ പറഞ്ഞു. വിവിധ പാര്‍ട്ടികളിലെ 5-6 നേതാക്കള്‍ കൂടിയിരുന്നു ആലോചിക്കുമെന്നും കൂട്ടായ നിലപാട് സ്വീകരിക്കുമെന്നും പവാര്‍ പറഞ്ഞു. രാഷ്ട്രപതിയുമായി നാളെ വൈകുന്നേരം 5 മണിക്ക് കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും തങ്ങളുടെ കൂട്ടായ നിലപാട് അദ്ദേഹത്തിന് മുന്നില്‍ അവതരിപ്പിക്കുമെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്രത്തില്‍ എന്‍.ഡി.എയ്‌ക്കെതിരെ സംയുക്ത രാഷ്ട്രീയ മുന്നണി ഒരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മുന്നണി രൂപീകരിക്കാന്‍ ശിരോമണി അകാലിദള്‍ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ തേടിയിരുന്നു. മുന്‍ എം.പി പ്രേം സിംഗ് ചന്തുമാജ്രയുടെ നേതൃത്വത്തിലുള്ള എസ്.എ.ഡിയുടെ പ്രതിനിധി സംഘം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ് പ്രസിഡന്റുമായ മമത ബാനര്‍ജിയെ സന്ദര്‍ശിച്ചിരുന്നു.

ശരദ് പവാറുമായും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറയുമായും ചന്തുമാജ്ര ഇക്കാര്യം ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്‍.ഡി.എക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ നീക്കത്തിന് തന്നെയാണ് പദ്ധതിയിടുന്നതെന്ന സൂചനായാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

അതേസമയം കര്‍ഷക ബന്ദ് അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടരുകയാണ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ വീട്ടുതടങ്കലില്‍ ആക്കിയതിന് പിന്നലെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. യു.പിയിലെ വീട്ടില്‍ നിന്നും കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ ഇറങ്ങവേയാണ് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇടത് നേതാക്കളെയും പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചത്തീസ്ഗഡ് പൊലീസാണ് കസ്റ്റഡിയില്‍ എടുത്തത്. ഇടത് നേതാക്കളായ കെ.കെ രാഗേഷും കൃഷ്ണ പ്രസാദും ഉള്‍പ്പെടെയുള്ളവരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കരുതല്‍ തടങ്കല്‍ എന്നാണ് പൊലീസ് പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Opposition Parties will meet President

We use cookies to give you the best possible experience. Learn more