| Friday, 1st February 2019, 10:14 pm

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 50 ശതമാനം വി.വി പാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്ന് പ്രതിപക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 50 ശതമാനം വി.വി പാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. ഇക്കാര്യം ഉന്നയിച്ച് തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞു.

ദല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പില്‍ 50 ശതമാനം വി.വി പാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം.

കൂടാതെ സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള വോട്ട് അന്തരം അഞ്ച് ശതമാനമാണെങ്കില്‍ മുഴുവന്‍ സ്ലിപ്പുകളും എണ്ണണമെന്നും ആവശ്യമുണ്ട്. ഈ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് ഉന്നയിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റേയും ഇ.വി.എം ഹാക്കിങ്ങിന്റേയും പശ്ചാത്തലത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്നത്. ബാലറ്റിലേക്ക് മടങ്ങണമെന്നായിരുന്നു ഭൂരിഭാഗം പ്രതിപക്ഷ പാര്‍ട്ടികളുടേയും ആവശ്യം. ഇത് സാധ്യമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

കര്‍ഷക പ്രശ്‌നങ്ങള്‍, വര്‍ധിക്കുന്ന തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. കോണ്‍ഗ്രസ് നേതാക്കളായ എ.കെ ആന്റണി, ശരത് പവാര്‍, ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക്ക് ഒബ്രിയന്‍, സി.പി.ഐ.എം നേതാവ് മുഹമ്മദ് സലിം എന്നിവരടക്കം ഇരുപത്തിയൊന്ന് പ്രതിപക്ഷ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

അതേസമയം, ഇ.വി.എം എത്തിച്ചാല്‍ ഹാക്ക് ചെയ്യാമോയെന്ന് ചോദിച്ച് തെരഞ്ഞെടുപ്പു കമ്മീഷന്റെ ഭാഗമായ ഒരാള്‍ തന്നെ സമീപിച്ചിരുന്നെന്ന് സാങ്കേതിക വിദഗ്ധനും ആന്ധ്രാ സര്‍ക്കാറിന്റെ ഉപദേഷ്ടാവുമായ ഹരി പ്രസാദ് വെളിപ്പെടുത്തിയിരുന്നു.

ഹരിപ്രസാദ്, അലക്സ് ഹാള്‍ഡര്‍മാന്‍, റോബ് ഗോങ്രിജ്ബ് എന്നിവരായിരുന്നു 2010ല്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്ത് തെരഞ്ഞെടുപ്പു കമ്മീഷന്‍ കാട്ടിയത്.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്യാമെന്ന് 2010ല്‍ ഡെമോണ്‍സ്ട്രേറ്റ് ചെയ്തു കാട്ടുമ്പോള്‍ ഒരു ഭീഷണിയെക്കുറിച്ചും ചിന്തിച്ചിട്ടില്ലെന്നും ഹരി പ്രസാദ് പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more