'വനിത സംവരണ ബില്ലില്‍ തലസ്ഥാനത്ത് പ്രതിപക്ഷ ഐക്യം'; ധര്‍ണയാരംഭിച്ച് ബി.ആര്‍.എസ്, ഉദ്ഘാടനം ചെയ്ത് സീതാറാം യെച്ചൂരി
national news
'വനിത സംവരണ ബില്ലില്‍ തലസ്ഥാനത്ത് പ്രതിപക്ഷ ഐക്യം'; ധര്‍ണയാരംഭിച്ച് ബി.ആര്‍.എസ്, ഉദ്ഘാടനം ചെയ്ത് സീതാറാം യെച്ചൂരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th March 2023, 5:13 pm

ന്യൂദല്‍ഹി: വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ആര്‍.എസ് നേതാവ് കെ.കവിത നടത്തുന്ന ഏകദിന നിരാഹാര സമരത്തിന് പ്രതിപക്ഷ പാര്‍ട്ടികളുടെ പൂര്‍ണ പിന്തുണ. ദേശീയ രാഷ്ട്രീയത്തിലെ ചെറുതും വലുതുമായ 12ഓളം പ്രതിപക്ഷ കക്ഷികള്‍ സമരത്തിന് പിന്തുണയുമായെത്തി. സി.പി.ഐ.എമ്മും ആം ആദ്മിയും സമരത്തിന് പിന്തുണ നല്‍കിയപ്പോള്‍ കോണ്‍ഗ്രസ് ചടങ്ങില്‍ നിന്നും വിട്ട് നിന്നു.

സംസ്ഥാന നിയമസഭകളിലേക്കും പാര്‍ലമെന്റിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് തെലങ്കാന മുഖ്യമന്ത്രിയുടെ മകള്‍ കൂടിയായ കെ.കവിത ജന്തര്‍ മന്തറില്‍ സമരം പ്രഖ്യാപിച്ചത്.

വരാനിരിക്കുന്ന പാര്‍ലമെന്റ് സെഷനില്‍ തന്നെ ബില്ല് ചര്‍ച്ചക്ക് വെക്കണമെന്നും സമരത്തില്‍ ബി.ആര്‍.എസിന് ഒപ്പം നിന്ന് പോരാടുമെന്നും ധര്‍ണ ഉദ്ഘാടനം ചെയ്ത സി.പി.ഐ.എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ജനങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനം പാലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2014ല്‍ മോദി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് സമയത്ത് വനിതാ സംവരണ ബില്‍ നടപ്പിലാക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു, എന്നാല്‍ ഒമ്പത് വര്‍ഷമായിട്ടും ബില്ലിന്‍മേല്‍ നടപടിയൊന്നും എടുക്കാതെ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ സ്ത്രീകള്‍ക്ക് സംവരണം നല്‍കിയ സര്‍ക്കാരിന് എന്ത് കൊണ്ടാണ് പാര്‍ലമെന്റില്‍ അത് നടപ്പാക്കാന്‍ കഴിയാത്തത്.

സ്ത്രീകള്‍ക്ക് സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും തുല്യത നേടാന്‍ സാധിച്ചില്ലെങ്കില്‍ നമ്മുടെ രാജ്യം പുരോഗതി നേടുകയില്ല. പാര്‍ലമെന്റിലെ വരുന്ന സെഷനില്‍ തന്നെ ബില്ല് ചര്‍ച്ചക്കെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. സമരത്തില്‍ ബി.ആര്‍.എസിന് എല്ലാവിധ പിന്തുണയും നല്‍കുകയും അവരോടൊപ്പം നിന്ന് പോരാടാനുമാണ് സി.പി.ഐ.എം തീരുമാനം,’ യെച്ചൂരി പറഞ്ഞു.

1996 മുതല്‍ നടപ്പിലാക്കാന്‍ ശ്രമിച്ച നിയമം ഇതുവരെ പ്രയോഗത്തില്‍ വരാത്തത് കേന്ദ്രം ഭരിച്ച സര്‍ക്കാരുകളുടെ പിടിപ്പ് കേടാണെന്ന് സമരത്തിനെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് കൊണ്ട് കെ.കവിത പറഞ്ഞു. കേന്ദ്രത്തില്‍ ഭൂരിപക്ഷമുള്ള ബി.ജെ.പി സര്‍ക്കാരിന് ബില്ല് പാസാക്കാന്‍ എന്താണിത്ര മടിയെന്നും അവര്‍ ചോദിച്ചു.

ലോകം വികസിക്കുന്നതോടൊപ്പം ഇന്ത്യ ഒപ്പമെത്തണമെങ്കില്‍ സ്ത്രീകള്‍ക്ക് രാഷ്ട്രീയത്തില്‍ പ്രധാന്യം കിട്ടണം. 27 വര്‍ഷമായി നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ബില്ലാണ് ഇപ്പോഴും വെളിച്ചം തട്ടാതെ കിടക്കുന്നത്. 1996 മുതല്‍ നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ ബില്ല് നടപ്പിലാക്കാന്‍ വേണ്ടി ശ്രമിക്കുന്നുണ്ട്. പക്ഷെ ഇന്ന് വരെ നടപ്പിലാക്കാന്‍ പറ്റിയിട്ടില്ല.

ബൃന്ദ കാരാട്ടും സുഷമ സ്വരാജും സോണിയ ഗാന്ധിയും ബില്ല് നടപ്പിലാക്കാന്‍ വേണ്ടി പരിശ്രമിച്ചവരാണ്. കേന്ദ്രത്തില്‍ മൃഗീയ ഭൂരിപക്ഷം നേടിയ ഒരു പാര്‍ട്ടിക്ക് എന്ത് കൊണ്ടാണ് ബില്ല് നടപ്പിലാക്കാന്‍ കഴിയാത്തത്. ബി.ജെ.പി സര്‍ക്കാര്‍ ബില്ല് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ പ്രതിപക്ഷ കക്ഷികളെയെല്ലാം ഒരുമിച്ച് കൂട്ടി കേന്ദ്രത്തിന് ഞങ്ങള്‍ പിന്തുണ നല്‍കും.

പ്രതിപക്ഷത്ത് നിന്നും ആം ആദ്മിയുടെ സഞ്ജയ് സിങ്, അകാലി ദളിന്റെ നരേശ് ഗുജ്‌റാള്‍ എന്നിവരും പി.ഡി.പി, നാഷണല്‍ കോണ്‍ഫറന്‍സ്, തൃണമൂല്‍ കോണ്‍ഗ്രസ്, ജെ.ഡി.യു, എന്‍.സി.പി, സി.പി.ഐ, ആര്‍.എല്‍.ഡി, ശിവസേന പ്രതിനിധികളും മുന്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ എന്നിവരും സമരത്തില്‍ പങ്കെടുത്തു.

ദല്‍ഹി മദ്യനയക്കേസില്‍ മനീഷ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മുന്‍ പാര്‍ലമെന്റ് അംഗവും ഭാരത് രാഷ്ട്ര സമിതി നേതാവുമായ കവിതക്ക് ഇ.ഡി നോട്ടീസ് അയച്ചത്. വനിത സംവരണ ബില്ലിനായി നിരാഹാര സമരം പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ നടന്ന അന്വേഷണത്തെ രാഷ്ട്രീയ പക പോക്കലെന്നാണ് ബി.ആര്‍.എസ് വിശേഷിപ്പിച്ചത്. കേസില്‍ മാര്‍ച്ച് 11ന് ഇ.ഡിക്ക് മുമ്പില്‍ ഹാജരാകുമെന്ന് കവിത പറഞ്ഞിരുന്നു.

Content Highlight: opposition parties united in B.R.S dharna in delhi