ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഇരുസഭകളിലും പാസാക്കിയ കാര്‍ഷിക ബില്ല് പിന്‍വലിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ചു. കാര്‍ഷിക ബില്ലിനെതിരെ പ്രതിപക്ഷപാര്‍ട്ടികളുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് ഗുലാം നബി ആസാദ് രാഷ്ട്രപതിയെ കണ്ടത്.
ബില്ല് പാസാക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ കര്‍ഷകനേതാക്കളോടും മറ്റുള്ള പാര്‍ട്ടികളോടും അഭിപ്രായം ചോദിക്കണമായിരുന്നുവെന്ന് സന്ദര്‍ശനത്തിനുശേഷം ഗുലാംനബി ആസാദ് പറഞ്ഞു. ഭരണഘടനാവിരുദ്ധമായാണ് ബില്ല് പാസാക്കിയതെന്നും അതുകൊണ്ട് ഉടന്‍ തന്നെ ബില്ലുകള്‍ പിന്‍വലിക്കണമെന്നും ആസാദ് കൂട്ടിച്ചേര്‍ത്തു.
ബില്ലുകള്‍ പാസാക്കരുതെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിന് ആസാദ് കത്തയച്ചിരുന്നു. ബില്ലുകള്‍ കര്‍ഷകരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കത്തില്‍ ആസാദ് വ്യക്തമാക്കിയിരുന്നു.
കാര്‍ഷികബില്ലിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ രാജ്യസഭയില്‍ നിന്നും എട്ട് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.
നേരത്തെ മോശം പെരുമാറ്റത്തിന് മാപ്പ് പറഞ്ഞാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കാമെന്നായിരുന്നു രവിശങ്കര്‍ പ്രസാദ് പറഞ്ഞിരുന്നത്. എന്നാല്‍ ഒരാളും മാപ്പുപറയുകയില്ലെന്ന് സി.പി.ഐ.എം എം.പി എളമരം കരീം പറഞ്ഞു.
എം.പിമാരെ തിരിച്ചെടുക്കുന്നത് വരെ പ്രതിപക്ഷം രാജ്യസഭ ബഹിഷ്‌കരിക്കുമെന്ന് എം.പി ഗുലാം നബി ആസാദ് വ്യക്തമാക്കിയിരുന്നു. കാര്‍ഷിക ബില്ലിനെതിരെ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് സസ്പെന്‍ഷനിലായ എം.പിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ നടത്തുന്ന സമരം ഇപ്പോഴും തുടരുകയാണ്. പാര്‍ലമെന്റിന് പുറത്തെ ഗാന്ധി പ്രതിമക്ക് മുന്നില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു എം.പിമാരുടെ പ്രതിഷേധം ആരംഭിച്ചത്. രാത്രി മുഴുവന്‍ എം.പിമാര്‍ അവിടെ തന്നെ ചെലവഴിക്കുകയായിരുന്നു.
രാത്രിയോടെ പ്രതിഷേധം ആരംഭിച്ചെങ്കിലും എം.പിമാരുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെയും തയ്യാറായിട്ടില്ല. എം.പിമാര്‍ മാപ്പ് പറയാന്‍ തയ്യാറാണെങ്കില്‍ ചര്‍ച്ചയെക്കുറിച്ചും മറ്റു നടപടികളെക്കുറിച്ചും ആലോചിക്കാന്‍ കേന്ദ്രം തയ്യാറാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക