ന്യൂദല്‍ഹി: മെയ് 23ന് വോട്ടെണ്ണലിന് ശേഷം പ്രതിപക്ഷ പാര്‍ട്ടികള്‍ ദല്‍ഹിയില്‍ യോഗം ചേരുമെന്ന് റിപ്പോര്‍ട്ട്. വോട്ടെണ്ണുന്നതിന് മുമ്പ് യോഗം ചേരാമെന്ന ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിര്‍ദേശത്തിന് വിരുദ്ധമായാണിത്.
ഫലം പുറത്തു വന്ന് പൂര്‍ണമായ ചിത്രം പുറത്തു വരാതെ ഒരു യോഗം കൊണ്ട് കാര്യമില്ലെന്ന് മമത നായിഡുവിനോട് പറഞ്ഞതായി ത്രിണമൂലിലെ ഉന്നത നേതാക്കളെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ടു ചെയ്യുന്നു.
മെയ് 21ന് യോഗം നടത്തുന്നതിനേക്കാള്‍ ഉപകാരപ്രദം മെയ് 23ലെ വോട്ടെണ്ണലില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണെന്ന് മമത പറഞ്ഞു. വോട്ടെണ്ണലിന് ദിവസം മുമ്പ് ഒരു ദിവസം ദല്‍ഹിയില്‍ ചിലവഴിക്കുന്നത് അര്‍ത്ഥശൂന്യമാണെന്നും മമത പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വോട്ടെണ്ണുന്ന ഏജന്റുമാര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കുന്നതിനായിരിക്കണം കൂടുതല്‍ സമയം കണ്ടെത്തേണ്ടതെന്നും മമത പറയുന്നു.
സമാനമായ അഭിപ്രായം ബി.എസ്.പി-എസ്.പി നേതൃത്വത്തില്‍ നിന്നും ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എല്ലാ പ്രതിപക്ഷ നേതാക്കളേയും മെയ് 19നുള്ളില്‍ വ്യക്തിപരമായി നേരിട്ട് സന്ദര്‍ശിക്കാനായിരുന്നു നായിഡുവിന്റെ പദ്ധതി. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ തീരുമാനം നായിഡുവിന്റെ ഈ പദ്ധതിയേയും ബാധിച്ചേക്കും.
ഏഴു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇനി ഒരു ഘട്ടം മാത്രമാണ് അവശേഷിക്കുന്നത്. മെയ് 19നാണ് അവസാനഘട്ട തെരഞ്ഞെടുപ്പ്.