| Friday, 20th April 2018, 2:40 pm

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസുമായി പ്രതിപക്ഷം; ദൗര്‍ഭാഗ്യകരമെന്ന് സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പ്രതിപക്ഷം ഇംപീച്‌മെന്റ് നോട്ടിസ് നല്‍കി. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിനാണു നോട്ടിസ് കൈമാറിയത്. ഏഴ് പാര്‍ട്ടികളിലെ 64 എം.പിമാര്‍ ഒപ്പിട്ട ഇംപീച്ച്മെന്റ് നോട്ടീസാണ് ഉപരാഷ്ട്രപതിക്ക് കൈമാറിയത്. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷ നേതാക്കള്‍ ഉപരാഷ്ട്രപതിയുടെ വസതിയിലെത്തിയത്.

ജസ്റ്റിസ് ലോയ കേസില്‍ സ്വതന്ത്ര അന്വേഷണം വേണ്ടെന്ന ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിധിയോടെയാണ് ഇംപീച്ച്മെന്റ നടപടികള്‍ വേഗത്തിലാക്കിയത്. കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, എന്‍.സി.പി, സി.പി.ഐ.എം, സി.പി.ഐ, സമാജ് വാദി പാര്‍ട്ടി, ബി.എസ്.പി. എന്നീ പാര്‍ട്ടികളാണ് നോട്ടീസില്‍ ഒപ്പുവെച്ചിട്ടുള്ളത്.


Read Also :മോദിയ്‌ക്കെതിരായ പ്രതിഷേധം: ലണ്ടന്‍ പാര്‍ലമെന്റ് ചത്വരത്തിലെ ഇന്ത്യന്‍ പതാക കീറി


സി.ബി.ഐ പ്രത്യേക ജഡ്ജി ബി.എച്ച്. ലോയയുടെ മരണത്തില്‍ അസ്വഭാവികതയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു കോടതിയിലും കേസ് പരിഗണിക്കരുതെന്നും വ്യാഴാഴ്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടിരുന്നു. നേരത്തെ സുപ്രീംകോടതിയിലെ അസാധാരണ സാഹചര്യം പരിഹരിക്കണമെന്നാവശ്യപ്പെട്ടു നാലു മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു.

ഇതിനിടെ പൊതുജനമധ്യത്തില്‍ ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് ചര്‍ച്ചകള്‍ ദൗര്‍ഭാഗ്യകരമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ജുഡീഷ്യറിക്കെതിരായ രാഷ്ട്രീയക്കാരുടെ പ്രസ്താവനയില്‍ ഞങ്ങളെല്ലാവരും അസ്വസ്ഥരാണെന്നും ജസ്റ്റിസ് എ.കെ.സിക്രി പറഞ്ഞു.

We use cookies to give you the best possible experience. Learn more