| Sunday, 8th March 2020, 6:53 pm

മമതാ ബാനര്‍ജിക്കെതിരെ വിമര്‍ശനവുമായി സി.പി.ഐ.എമ്മും കോണ്‍ഗ്രസും; മോഹഭംഗത്തിന്റെ പ്രകടനമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചരണ പരിപാടിക്കെതിരെ വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. മമത, ബംഗാളിന്റെ അഭിമാനം എന്ന പ്രചരണ പരിപാടിയാണ് കടുത്ത വിമര്‍ശനം നേരിടുന്നത്. ഇത് സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ ശോഭ കെടുത്തുന്നതാണെന്നാണ് സി.പി.ഐ.എം അടക്കം ആരോപിക്കുന്നത്.

സംസ്ഥാനത്തെ ക്രമസമാധാനമടക്കമുള്ള യഥാര്‍ത്ഥ പ്രശ്‌നങ്ങളെ നേരിടാന്‍ മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും തയ്യാറാകുന്നില്ലെന്ന് കോണ്‍ഗ്രസും സി.പി.ഐ.എമ്മും ആരോപിച്ചു.

സത്യസന്ധതയുടെ അടയാളം എന്നായിരുന്നു തൃണമൂല്‍ ആദ്യകാലങ്ങളില്‍ ഉപയോഗിച്ചിരുന്ന പ്രചരണായുധം. എന്നാല്‍ ശാരദ ചിട്ടി തട്ടിപ്പും നാരദാ സ്റ്റിങ് ഓപ്പറേഷനും വന്നതോടെ അത് പതിയെ ഒഴിവാക്കുകയായിരുന്നെന്ന് സി.പി.ഐ.എം എം.എല്‍.എയും മുതിര്‍ന്ന നേതാവുമായ സുജന്‍ ചക്രവര്‍ത്തി പറഞ്ഞു.

‘തെരഞ്ഞെടുപ്പ് പ്രചരണത്തിനായുള്ള പോസ്റ്ററുകള്‍ക്കും ബാനറുകള്‍ക്കുമായി കോടികളാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഇവിടെ ഒഴുക്കുന്നത്. രവീന്ദ്രനാഥ് ടാഗോറും നേതാജിയും സ്വാമി വിവേകാനന്ദനുമാണ് ബംഗാളിന്റെ അഭിമാനമെന്ന് ഇവിടെയുള്ള ഓരോരുത്തര്‍ക്കും അറിയാം. അതൊരിക്കലും മമതാ ബാനര്‍ജിയല്ല. അവര്‍ ബംഗാളിന്റെ അപകടമാണ്’ സുജന്‍ ചക്രവര്‍ത്തി അഭിപ്രായപ്പെട്ടു.

സ്വയം പരസ്യപ്പെടുത്തുന്നതിന് വേണ്ടിയുള്ള താവളമല്ല താനെന്ന് മമതാ ബാനര്‍ജി തിരിച്ചരിയേണ്ടതുണ്ട് എന്നാണ് കോണ്‍ഗ്രസ് എം.എല്‍.എ അബ്ദുള്‍ മന്നന്റെ വിമര്‍ശനം. ബംഗാളിന്റെ യഥാര്‍ത്ഥ അഭിമാനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന നീക്കം മുഖ്യമന്ത്രി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനത്തെ തീര്‍ത്തും തള്ളിക്കളയുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. മോഹഭംഗത്തിന്റെ പ്രകടനം എന്നാണ് വിമര്‍ശനത്തെ തള്ളി തൃണമൂല്‍ നേതാക്കള്‍ പ്രതികരിച്ചത്.

‘ഭരണഘടനാ മൂല്യങ്ങളെയും ജനാധിപത്യത്തെയും മുറുകെ പിടിക്കാന്‍ മമതാ ബാനര്‍ജി പോരാടുന്നതിനെക്കുറിച്ച് രാജ്യത്തിന് മുഴുവന്‍ അറിയാം. പ്രതിപക്ഷ പാര്‍ട്ടികളാരും അതിനുവേണ്ടി ചെറുവിരല്‍ പോലും അനക്കുന്നില്ല’, തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞു.

2021ലെ തെരഞ്ഞെടുപ്പുകളെ മുന്നില്‍ കണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് മമതാ ബംഗാളിന്റെ അഭിമാനം എന്ന ആശയത്തിലൂന്നി പ്രചരണ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. പൊതുപരിപാടികളും റാലികളും സംഘടിപ്പിച്ച് തെരഞ്ഞെടുപ്പിനെ അനുകൂലമാക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more