| Thursday, 21st March 2024, 10:21 pm

കെജ്‌രിവാളിന്റെ അറസ്റ്റ്; വ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ്, ഇ.ഡിയുടെ നീക്കങ്ങള്‍ നാണക്കേടുണ്ടാക്കുന്നുവെന്ന് സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് ബി.ജെ.പിയും ഇ.ഡിയും നടത്തുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.

ഇത് രാഷ്ട്രീയ നാടകമാണെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള അറസ്റ്റിനുള്ള കാരണം ഡല്‍ഹിയില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വരുമോയെന്ന ഭയമാണെന്നും കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ബി.ജെ.പി പ്രതിപക്ഷ പാര്‍ട്ടികളെയും നേതാക്കന്മാരെയും തെരഞ്ഞുപിടിച്ച് അക്രമിക്കുകയാണെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഈ നീക്കം ജനാധിപത്യത്തിന് വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദല്‍ഹി മുഖ്യമന്ത്രിയുടെ അറസ്റ്റിനെ പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണിയായ ഇന്ത്യാ സഖ്യം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് വ്യക്തമാക്കി. അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ ശക്തമായി അപലപിക്കുന്നുവെന്ന് സി.പി.ഐ.എം കേന്ദ്ര നേതൃത്വം അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ബി.ജെ.പിയുടെ നിര്‍ദേശമനുസരിച്ച് നടത്തുന്ന ഇ.ഡിയുടെ നീക്കങ്ങള്‍ നാണക്കേടുണ്ടാക്കുന്നുവെന്ന് സി.പി.ഐ.എം പ്രതികരിച്ചു.

നിലവില്‍ കെജ്‌രിവാളിന്റെ അറസ്റ്റിനെ തുടര്‍ന്ന് ദല്‍ഹിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എ.എ.പി പ്രവര്‍ത്തകര്‍ ദല്‍ഹിയിലെ റോഡുകള്‍ തടഞ്ഞുകൊണ്ട് പ്രതിഷേധം നടത്തുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എ.എ.പി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

അതേസമയം അറസ്റ്റില്‍ പ്രതിഷേധിച്ച് എ.എ.പി നേതൃത്വം സുപ്രീം കോടതിയെ വീണ്ടും സമീപിച്ചു. രാത്രിയില്‍ തന്നെ ഹരജിയില്‍ അടിയന്തിര വാദം കേള്‍ക്കണമെന്ന് കോടതിയോട് ആവശ്യപ്പെടുമെന്ന് നേതൃത്വം അറിയിച്ചു.

Content Highlight: Opposition parties react to Arvind Kejriwal’s arrest

We use cookies to give you the best possible experience. Learn more