| Tuesday, 28th February 2023, 9:15 am

സിസോദിയയുടെ അറസ്റ്റ്; കേന്ദ്രനീക്കത്തെ അനുകൂലിച്ച് കോണ്‍ഗ്രസും വിയോജിച്ച് സി.പി.ഐ.എമ്മും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം:  മദ്യനയക്കേസില്‍ ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റില്‍ രാജ്യവ്യാപകമായ പ്രതിഷേധവുമായി ആം ആദ്മിയും മറ്റ് പ്രതിപക്ഷ കക്ഷികളും രംഗത്ത്. നടപടിയെ ജനാധിപത്യത്തിനേറ്റ കളങ്കമെന്ന് വിശേഷിപ്പിച്ച ആം ആദ്മി രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണ് സിസോദിയയെന്നും കുറ്റപ്പെടുത്തി.

വിഷയത്തില്‍ വിരുദ്ധാഭിപ്രായമാണ് പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നു വരുന്നത്. കോണ്‍ഗ്രസ് സി.ബി.ഐ നടപടിയെ അനുകൂലിച്ച് രംഗത്തെത്തിയപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിന്റെ ഇരയാണ് മനീഷ് സിസോദിയ എന്നാണ് സി.പി.ഐ.എം പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനും സിസോദിയക്ക് പിന്തുണയുമായി രംഗത്തെത്തി.

വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കേന്ദ്രത്തിന്റെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തില്‍ ആദ്യ പ്രതികരണവുമായി രംഗത്ത് വന്നത് തൃണമൂല്‍ കോണ്‍ഗ്രസാണ്. നടപടി സ്വേച്ഛാധിപത്യ രാഷ്ട്രീയത്തിന്റെ പ്രതിഫലനമെന്ന് പറഞ്ഞ തൃണമൂല്‍ മോദി സര്‍ക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തെ ചെറുക്കണമെന്നും ആവശ്യപ്പെട്ടു.

തുടര്‍ന്ന് സമാജ് വാദി പാര്‍ട്ടി, ബി.ആര്‍.എസ്, രാഷ്ട്രീയ ജനതാദള്‍, ശിവസേന, സി.പി.ഐ.എം, ടി.ടി.പി എന്നീ പ്രതിപക്ഷ പാര്‍ട്ടികളും സി.ബി.ഐ നടപടിയെ വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തി.

എന്നാല്‍ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ നിലപാട് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു.

കേസിലെ അറസ്റ്റിനെ സ്വാഗതം ചെയ്യുന്നു എന്ന് പറഞ്ഞ കോണ്‍ഗ്രസ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അഴിമതി ആസൂത്രണം ചെയ്തത് കെജ്‌രിവാളാണെന്ന് കുറ്റപ്പെടുത്തിയ കോണ്‍ഗ്രസ് പ്രശ്‌നത്തില്‍ ആദ്യം നടപടി ആവശ്യപ്പെട്ടത് തങ്ങളാണെന്നും അവകാശപ്പെട്ടു.

കോണ്‍ഗ്രസിന്റെ നിലപാടിന് വലിയ വിമര്‍ശനങ്ങളാണ് വിവിധ കോണുകളില്‍ നിന്നും നേരിടുന്നത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കൊണ്ടുള്ള വേട്ടയാടലുകള്‍ക്കെതിരെ രാഷ്ട്രീയ കക്ഷികള്‍ ഒന്നിച്ച് നില്‍ക്കേണ്ട സമയത്ത് കോണ്‍ഗ്രസിന്റെ പിന്തിരിപ്പ് നല്ലതല്ലെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

അതേസമയം സി.പി.ഐ.എം ആം ആദ്മിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. സി.ബി.ഐ നടപടിയെ അപലപിച്ച പാര്‍ട്ടി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കൊണ്ടുള്ള വേട്ടയാടല്‍ രാഷ്ട്രീയത്തിന്റെ ഇരയാണ് സിസോദിയയെന്നും കുറ്റപ്പെടുത്തി.

ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥിതിയെ തകര്‍ക്കുന്ന നടപടികളാണ് ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. അദാനി വിഷയത്തില്‍ പ്രതിരോധത്തിലായ മോദിക്ക് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ നടത്തുന്ന നാടകമാണിതെന്നും സി.പി.എം പറഞ്ഞു.

കേരള മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രനടപടിയെ ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചത്. അറസ്റ്റ് അധികാര ദുര്‍വിനിയോഗത്തിന്റെ ഉദാഹരണമെന്ന് പറഞ്ഞ മുഖ്യമന്ത്രി ജനാധിപത്യത്തിനെതിരായ കടന്നാക്രമാണിതെന്നും കുറ്റപ്പെടുത്തി.

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കൊണ്ട് പ്രതിപക്ഷകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlight: Opposition parties opinion on manish siodoya arresst

Latest Stories

We use cookies to give you the best possible experience. Learn more