ന്യൂദല്‍ഹി: സി.ബി.ഐ, ഇ.ഡി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെ സ്വേച്ഛാപരമായി ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ഉള്‍പ്പെടെ 14 പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍. ഡി.എം.കെ, ആര്‍.ജെ.ഡി, ബി. ആര്‍.എസ്, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവരുള്‍പ്പെടെയുള്ള പാര്‍ട്ടികളാണ് സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഹരജി ഏപ്രില്‍ അഞ്ചിന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
രാജ്യത്ത് ജനാധിപത്യം ഭീഷണിയിലാണെന്നും ഹരജിക്കാര്‍ കോടതിയെ അറിയിച്ചു. നിലവില്‍ ഇരു വകുപ്പുകളും ചേര്‍ന്ന് നടത്തുന്ന അന്വേഷണത്തെ സ്വാധീനിക്കാന്‍ ഇല്ലെന്നും മറിച്ച് ഇവയ്ക്ക് ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കണമെന്ന് മാത്രമാണ് ആവശ്യമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി.
കേന്ദ്ര സര്‍ക്കാരിനെതിരെയും പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനമുന്നയിച്ചിരുന്നു.
മുതിര്‍ന്ന അഭിഭാഷകനായ എ.എം സ്വിംഗി ആണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് ഇ.ഡി, സി.ബി.ഐ കേസുകളില്‍ 95 ശതമാനവും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് എതിരെയുള്ളതാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
എന്‍.ഡി.എ സര്‍ക്കാര്‍ 2014ല്‍ അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് 121 പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ഇ.ഡി, സി.ബി.ഐ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
യു.പി.എ ഭരണകാലത്ത്, 2004 മുതല്‍ 2014വരെ, 26 ഇ.ഡി കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇതില്‍ 14 എണ്ണം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് എതിരെയുള്ളതായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
Content Highlight: Opposition parties in Supreme court, alleges centre misusing CBI and ED