ന്യൂദല്‍ഹി: കോണ്‍ഗ്രസിനെതിരെ പരിഹാസവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് മുക്താര്‍ അബ്ബാസ് നഖ്‌വി. ഒഴിവില്ലാത്ത പ്രധാനമന്ത്രി കസേരയിലേക്ക് വേണ്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ ലിസ്റ്റ് ഉണ്ടാക്കിവെക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഉത്തര്‍പ്രദേശിലെ രാംപൂരില്‍ നടന്ന ഒരു പൊതു പരിപാടിയെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മോദിഫോബിയ എന്ന രാഷ്ട്രീയ രോഗമാണ് ചിലര്‍ക്കെന്നും അവരൊക്കെ അധികം വൈകാതെ അപ്രത്യക്ഷമാകുമെന്നും നഖ്‌വി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഠിനാധ്വാനത്തെയും സത്യസന്ധതയെയും പരാജയപ്പെടുത്താന്‍ അശുഭാപ്തിവിശ്വാസികളായ രാഷ്ട്രീയ കളിക്കാര്‍ക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം ഇതിനോടകം തന്നെ വെയ്റ്റിങ് ലിസ്റ്റില്‍ നിര്‍ത്താന്‍ പാകത്തിന് ഒരു ഡസനോളം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ചിട്ടുണ്ട്. ഇതിനെയാണ് വാനിറ്റി വിത്തൗട്ട് വാക്കന്‍സി എന്ന് വിളിക്കുന്നത്. എല്ലാ കെട്ടിച്ചമച്ച കഥകള്‍ക്കും ആരോപണങ്ങള്‍ക്കുമിടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ മികച്ച രീതിയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്,’ നഖ്‌വി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ 75 വര്‍ഷത്തെ സ്വാതന്ത്ര്യത്തിന്റെ സ്മരണയ്ക്കായി ആസാദി കാ അമൃത് മഹോത്സവത്തിന് കീഴില്‍ ‘ഹര്‍ ഘര്‍ തിരംഗ’ കാമ്പെയിന്‍ ആരംഭിച്ചിട്ടുണ്ടെന്നും രാജ്യത്തെ ജനങ്ങളെ ചരിത്രവുമായി ബന്ധിപ്പിക്കുന്നതില്‍ ഈ കാമ്പെയിന്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും നഖ്‌വി പറഞ്ഞു.
തിരംഗ ജനങ്ങളെ ഒന്നിപ്പിക്കുകയും രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.