ലക്‌നൗ: രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഡി.എന്‍.എയില്‍ തന്നെ വിഭാഗീയതയുണ്ടെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജാതി, മത അടിസ്ഥാനത്തില്‍ സമൂഹത്തെ വേര്‍തിരിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും യോഗി പറഞ്ഞു. യു.പിയില്‍ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന പാര്‍ട്ടി ഭാരവാഹികളുടെ യോഗത്തിലാണ് യോഗിയുടെ ആരോപണം.
‘പ്രതിപക്ഷ പാര്‍ട്ടികളുടെ ചിന്തകള്‍ വൃത്തിഹീനമാണ്. അവരുടെ ലക്ഷ്യങ്ങള്‍ അപകടകരവുമാണ്. വിഭാഗീയത അവരുടെ ഡി.എന്‍.എയിലുണ്ട്. ഇത്തരം ചിന്തകളിലൂടെയാണ് അവര്‍ രാജ്യത്തെ വിഭജിച്ചത്. ഇപ്പോള്‍ ജാതി, മതം, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തില്‍ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്’- യോഗി പറഞ്ഞു.
കുടുംബത്തിന്റെ പിന്തുടര്‍ച്ച നിലനിര്‍ത്താനാണ് അവര്‍ ശ്രമിക്കുന്നതെന്നും യോഗി പറഞ്ഞു.
അതേസമയം 15 വര്‍ഷം സംസ്ഥാനം ഭരിച്ച സമാജ് വാദി പാര്‍ട്ടിക്കും, ബഹുജന്‍ സമാജ് പാര്‍ട്ടിക്കും ലഭിച്ച ഭരണനേട്ടം അഴിമതിയും വിഭാഗീയതയുമാണെന്നും ഇവര്‍ ജനാധിപത്യ ഭരണഘടനയെ തകര്‍ത്തെന്നും യോഗി ആരോപിച്ചു.
‘വികസനത്തെപ്പറ്റി പ്രസംഗിക്കാനെ അവര്‍ക്ക് കഴിഞ്ഞുള്ളു.എന്നാല്‍ ബി.ജെ.പി ഭരണത്തിന്‍ കീഴില്‍ യു.പിയില്‍ ശരിയായ വികസനം സാധ്യമായി. സമഗ്ര വികസനം കാരണം പാര്‍ട്ടിയുടെ ജനപ്രീതി വര്‍ധിക്കുകയാണ്. അതില്‍ നിരാശരായ പ്രതിപക്ഷപാര്‍ട്ടികള്‍ സര്‍ക്കാരിനെ താഴെയിടാന്‍ പല മാര്‍ഗ്ഗങ്ങളും നോക്കുകയാണ്’-യോഗി പറഞ്ഞു.
നേരത്തെ ഹാത്രാസ് വിഷയവുമായി ബന്ധപ്പെട്ട് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെതിരെയും ഗുരുതര ആരോപണങ്ങളുമായി യോഗി രംഗത്തെത്തിയിരുന്നു. ഹാത്രാസ് സംഭവത്തില്‍ സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ ഭീം ആര്‍മിയുള്‍പ്പടെയുള്ള ചില സംഘടനകള്‍ക്ക് പണം ലഭിച്ചുവെന്നായിരുന്നു യോഗിയുടെ ആരോപണം.
ഈ ആരോപണം തെളിയിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച് ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ് രംഗത്തെത്തിയിരുന്നു. ആരോപണം തെളിയിച്ചാല്‍ രാഷ്ട്രീയം ഉപേക്ഷിക്കാമെന്ന് ആസാദ് പറഞ്ഞിരുന്നു.
നേരത്തെ ഭീം ആര്‍മിക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അറിയിച്ചിരുന്നു. ആരോപണം തെളിയിക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി.
പൗരത്വ ഭേദഗതി പ്രതിഷേധത്തിന്റെ സമയത്ത് പോപ്പുലര്‍ ഫ്രണ്ടുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചെന്നായിരുന്നു ആരോപണം. ഇതാണ് ഇ.ഡി തള്ളിക്കളഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക