അദാനിയുടെ 'പെരുപ്പിച്ച് കാണിക്കല്‍' ഇനി പാര്‍ലമെന്റിലേക്കും; സര്‍ക്കാര്‍ മറുപടി പറയണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍
national news
അദാനിയുടെ 'പെരുപ്പിച്ച് കാണിക്കല്‍' ഇനി പാര്‍ലമെന്റിലേക്കും; സര്‍ക്കാര്‍ മറുപടി പറയണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st January 2023, 9:07 am

ന്യൂദല്‍ഹി: അദാനി ഗ്രൂപ്പ് നടത്തിയ ഓഹരിനിക്ഷേപത്തിലെയും നികുതിയിലെയും തട്ടിപ്പുകളുമായി ബന്ധപ്പെട്ട് യു.എസിലെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നടന്ന സര്‍വകക്ഷി യോഗത്തിലാണ് അദാനി ഗ്രൂപ്പിനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളിലും തെളിവുകളിലും ചര്‍ച്ച വേണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടത്.

ആം ആദ്മി പാര്‍ട്ടി, രാഷ്ട്രീയ ജനതാ ദള്‍, ഭാരത് രാഷ്ട്ര സമിതി, സി.പി.ഐ.എം, സി.പി.ഐ എന്നീ പാര്‍ട്ടികളാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്ന് ആവശ്യപ്പെട്ടത്. എല്‍.ഐ.സിക്ക് അദാനി ഗ്രൂപ്പിലുള്ള നിക്ഷേപവും എസ്.ബി.ഐയില്‍ നിന്നും എടുത്തിട്ടുള്ള കടവും ചൂണ്ടിക്കാണിച്ചാണ് ഈ പാര്‍ട്ടികള്‍ ആശങ്ക ഉന്നയിച്ചത്.

27 രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള 37 നേതാക്കളായിരുന്നു സര്‍വ കക്ഷിയോഗത്തില്‍ പങ്കെടുത്തത്.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന ദിവസമായിരുന്നതിനാല്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

അതേസമയം, ആകെയുള്ളതിന്റെ ഒരു ശതമാനത്തില്‍ താഴെയാണ് അദാനി ഗ്രൂപ്പില്‍ നിക്ഷേപമുള്ളതെന്ന് എല്‍.ഐ.സി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സാഹചര്യം പരിശോധിച്ച് തുടര്‍ നിലപാട് സ്വീകരിക്കുമെന്നും എല്‍.ഐ.സി പറഞ്ഞു.

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ തിങ്കളാഴ്ചയും കൂപ്പുകുത്തിയിരുന്നു. അദാനി ഗ്രൂപ്പിന്റെ പത്തില്‍ ആറ് കമ്പനികളുടെയും ഓഹരി മൂല്യം ആദ്യ മണിക്കൂറുകളില്‍ തന്നെ ഒരു ദിവസത്തെ പരമാവധി നഷ്ടത്തിലേക്ക് പതിച്ചു.

ഓഹരി വിപണിയില്‍ ഇതുവരെ അഞ്ചര ലക്ഷം കോടിയിലേറെ രൂപയുടെ ഇടിവാണ് കമ്പനിക്കുണ്ടായത്. അദാനിയുടെ നാലിലൊന്ന് സമ്പത്തും ഇതോടെ നഷ്ടമായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫോബ്സിന്റെ പട്ടികയില്‍ എട്ടാം സ്ഥാനത്താണിപ്പോള്‍ അദാനി.

അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി മൂല്യം തിങ്കളാഴ്ചയിലെ ആദ്യ മണിക്കൂറുകളില്‍ അല്‍പം മെച്ചപ്പെട്ടുവന്നെങ്കിലും വ്യാപാരം അവസാനിച്ചപ്പോള്‍ നഷ്ടത്തിലേക്കെത്തി. അദാനി എന്റര്‍പ്രൈസസിന്റെ തുടര്‍ ഓഹരി സമാഹരണം (FPO) ചൊവ്വാഴ്ചയോടെ അവസാനിക്കും. 20000 കോടി സമാഹരിക്കാനാണ് അദാനി ലക്ഷ്യം വെച്ചിരുന്നതെങ്കിലും മൂന്ന് ശതമാനം സബ്‌സ്‌ക്രിപ്ഷന്‍ മാത്രമാണ് തിങ്കളാഴ്ച വരെ നടന്നത്.

ഇതിനിടയില്‍, യു.എ.ഇയിലെ ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ്‌സ് കമ്പനി 400 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്ന് രാത്രിയോടെ പ്രഖ്യാപിച്ചിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം കനത്ത തകര്‍ച്ച നേരിടുന്ന അദാനി ഗ്രൂപ്പിന്റെ അവസാന പിടിവള്ളിയായിരിക്കും ഈ നിക്ഷേപമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ ദിവസം ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന് അദാനി ഗ്രൂപ്പ് 413 പേജുള്ള ഒരു മറുപടി നല്‍കിയിരുന്നു. ഇന്ത്യക്കെതിരായ കടന്നാക്രമണം എന്നായിരുന്നു ഇതില്‍ അദാനി ഗ്രൂപ്പ് ഉന്നയിച്ച വിഷയം. എന്നാല്‍ ദേശീയ വാദം ഉയര്‍ത്തി അദാനി ഇന്ത്യയില്‍ നടത്തിയ കൊള്ള മറച്ചുവെക്കാനാവില്ലെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് തിരിച്ചടിച്ചു.

വസ്തുതാപരമായ ചോദ്യങ്ങള്‍ വഴിതിരിച്ചുവിടാനാണ് അദാനി ശ്രമിക്കുന്നതെന്നും ഹിന്‍ഡന്‍ബര്‍ഗ് മറുപടിയില്‍ പറഞ്ഞു. ‘തട്ടിപ്പ് തട്ടിപ്പ് തന്നെയാണ്, അത് ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്‍മാരില്‍ ഒരാളാണ് ചെയ്യുന്നതെങ്കില്‍ പോലും. ഇന്ത്യയുടെ പുരോഗതി അദാനി തടസപ്പെടുത്തുന്നു. വിദേശത്തെ സംശയകരമായ ഇടപാടുകളെപ്പറ്റി അദാനി മറുപടി പറഞ്ഞിട്ടില്ല.

413 പേജുള്ള അദാനിയുടെ കുറിപ്പില്‍ ഞങ്ങളുടെ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മറുപടികളുള്ളത് 30 പേജില്‍ മാത്രമാണ്. ബാക്കിയുള്ള പ്രതികരണത്തില്‍ 330 പേജുള്ള കോടതി രേഖകളും, 53 പേജുകളില്‍ സാമ്പത്തിക, പൊതുവിവരങ്ങളും സ്ത്രീ സംരംഭകരെയും സുരക്ഷിതമായ പച്ചക്കറി ഉത്പാദനത്തെയും പ്രോത്സാഹിപ്പിക്കുന്നതെങ്ങനെ, തുടങ്ങിയ അപ്രസക്തമായ കോര്‍പ്പറേറ്റ് സംരംഭങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളാണ്,’ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് മറുപടിക്കുറിപ്പില്‍ പറഞ്ഞു.

Content Highlight: Opposition parties demands debate on Hindenberg  Report againdt Adani group in Parliament