national news
ഇതുവരെ നിതീഷിന്റെ ഹിന്ദി തള്ളല്‍ കേൾക്കുകയായിരുന്നു; വിശ്വാസം നഷ്ടപ്പെടുന്നതിനേക്കാള്‍ വലിയ തോല്‍വിയെന്ത്: നിതീഷ് കുമാറിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jan 28, 06:04 pm
Sunday, 28th January 2024, 11:34 pm

ന്യൂദല്‍ഹി: ഇന്ത്യാ സഖ്യത്തില്‍ നിന്ന് പിന്മാറി ബീഹാറില്‍ ജെ.ഡി.യു മേധാവിയായ നിതീഷ് കുമാര്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചതില്‍ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍.

ബി.ജെ.പി ഞായറാഴ്ച നേരിട്ടത് പോലെ ഒരു ദുര്‍ബലവാസ്ഥ ഇതിനുമുമ്പ് അഭിമുഖീകരിച്ചിട്ടുണ്ടാവില്ലെന്നും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വഞ്ചനയുടെ പുതിയ റെക്കോഡ് സ്ഥാപിച്ചിട്ടുണ്ടെന്നും സമാജ്‌വാദി പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായ അഖിലേഷ് യാദവ് പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നിങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതിനേക്കാള്‍ വലിയ തോല്‍വിയില്ലെന്നും അഖിലേഷ് പറഞ്ഞു.

പ്രതിപക്ഷ മുന്നണിയില്‍ നിന്ന് പ്രധാനമന്ത്രിയാകാന്‍ സാധ്യതയുള്ള നേതാവായിരുന്നു നിതീഷ് കുമാര്‍ എന്നതിനാല്‍ ജെ.ഡി.യുവും ഇന്ത്യാ സഖ്യവും തമ്മിലുള്ള ബന്ധം ഇല്ലാതാക്കുക എന്നത് ബി.ജെ.പിയുടെ ഗൂഢാലോചനയാണെന്നും അഖിലേഷ് ചൂണ്ടിക്കാട്ടി.

നിതീഷ് കുമാര്‍ തന്റെ ആശയങ്ങള്‍ ഉപേക്ഷിച്ച് ബി.ജെ.പിയുമായി കൈകോര്‍ത്തതിന് പിന്നിലെ കാരണം വ്യക്തതയില്ലെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ എന്താണ് അദ്ദേഹത്തിന് സംഭവിച്ചതെന്നതില്‍ ആശ്ചര്യമുണ്ടെന്നും എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ പ്രതികരിച്ചു.

ഇന്ത്യാ സഖ്യത്തില്‍ നിലനിന്നിരുന്ന ഹിന്ദി ഭാഷയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ഇതുവരെ ജെ.ഡി.യു നേതാവായ നിതീഷ് കുമാറിന്റെ ഹിന്ദി തള്ളല്‍ കേട്ടുകൊണ്ടിരിക്കുകയായിരുന്നുവെന്ന് ഡി.എം.കെ എം.പിയായ ടി.ആര്‍. ബാലു പറഞ്ഞു.

അതേസമയം താന്‍ എഴുതി നല്‍കാം, ഈ വര്‍ഷം പൂര്‍ത്തിയാവുന്നതിന് മുമ്പ് ജെ.ഡി.യു എന്ന പാര്‍ട്ടി അവസാനിക്കുമെന്ന് മുന്‍ ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പറഞ്ഞു. കളി ഇനിയും ബാക്കിയുണ്ടെന്നും തേജസ്വി യാദവ് വ്യക്തമാക്കി. നിതീഷ് കുമാര്‍ ഒരു തളര്‍ന്ന മുഖ്യമന്ത്രിയാണെന്നും ബീഹാറിലെ ജനങ്ങള്‍ തങ്ങളോടൊപ്പമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

കൂടാതെ നിതീഷ് കുമാര്‍ ബി.ജെ.പിയുമായി പുതുതായി രൂപീകരിച്ച സഖ്യം 2025ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് അഴിച്ചുപണിയേണ്ടി വരുമെന്ന് രാഷ്ട്രീയ തന്ത്രജ്ഞനും ആക്ടിവിസ്റ്റുമായ പ്രശാന്ത് കിഷോര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Content Highlight: Opposition parties against Nitish Kumar