'ദി കേരള സ്റ്റോറി' സംപ്രേക്ഷണത്തിനെതിരെ പ്രതിപക്ഷം; ദൂരദര്‍ശന്റെ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി
Kerala News
'ദി കേരള സ്റ്റോറി' സംപ്രേക്ഷണത്തിനെതിരെ പ്രതിപക്ഷം; ദൂരദര്‍ശന്റെ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th April 2024, 10:30 pm

തിരുവനന്തപുരം: ‘ദി കേരള സ്റ്റോറി’ സംപ്രേക്ഷണം ചെയ്യാനുള്ള ദൂരദര്‍ശന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍. കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിര്‍മിച്ച ‘കേരള സ്റ്റോറി’ എന്ന സിനിമ പ്രദര്‍ശിപ്പിക്കുമെന്ന തീരുമാനം ദൂരദര്‍ശന്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്ത സംപ്രേഷണ സ്ഥാപനത്തെ ഉപയോഗിച്ച് കേരളത്തെ ഇകഴ്ത്താനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് ദൂരദര്‍ശന്‍ പിന്മാറണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റും ആവശ്യപ്പെട്ടു. തീരുമാനം കേരളത്തിലെ ജനങ്ങളെ അധിക്ഷേപിക്കുന്നതാണെന്നും കേരളത്തോടുമുള്ള വെല്ലുവിളിയാണെന്നും സി.പി.ഐ.എം ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍ക്കാരിന്റെ നടപടി തീര്‍ത്തും കേരള വിരുദ്ധമാണെന്ന് വാണിജ്യവകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. പ്രത്യേകമായി ഒരു മതത്തിനെതിരെ വിദ്വേഷം പരത്തുന്ന സിനിമ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ദൂരദര്‍ശന്റെ തീരുമാനം സമൂഹത്തില്‍ ഭിന്നിപ്പ് സൃഷ്ടിക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി. നീക്കം തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ അഞ്ച് രാത്രി എട്ടുമണിക്കാണ് ദി കേരള സ്റ്റോറിയുടെ സംപ്രേഷണം എന്നാണ് ദൂരദര്‍ശന്‍ അറിയിപ്പ്. ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന ക്യാപ്ഷനോടെയാണ് ദൂരദര്‍ശന്‍ സോഷ്യല്‍ മീഡിയയില്‍ ഇതുസംബന്ധിച്ച് അറിയിപ്പ് നല്‍കിയിരിക്കുന്നത്.

Content Highlight: Opposition parties against Doordarshan’s decision to telecast ‘The Kerala Story’