| Friday, 20th August 2021, 7:53 pm

ബി.ജെ.പിയെ വെള്ളംകുടിപ്പിക്കാന്‍ പ്രതിപക്ഷം; ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്നവര്‍ ഒത്തുചേരണമെന്ന് പവാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്നവര്‍ ഒത്തുചേര്‍ന്ന് ഒരു ‘സമയബന്ധിതമായ പ്രവര്‍ത്തന പരിപാടി’ ആവിഷ്‌കരിക്കണമെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍.

ഇന്ത്യയിലെ നിലവിലെ സാഹചര്യം വളരെ ഇരുണ്ടതാണെന്നും നിരവധി പ്രശ്‌നങ്ങള്‍ രാജ്യം നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യയിലെ നിലവിലെ സാഹചര്യം വളരെ ഇരുണ്ടതാണ്. കര്‍ഷകര്‍ മാസങ്ങളോളം പ്രതിഷേധിക്കുന്നു, ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യ രാജ്യത്തിന് ഇത് വേദനാജനകമായ ചിത്രമാണ്. നാണയപ്പെരുപ്പം, സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ, അതിര്‍ത്തി തര്‍ക്കങ്ങള്‍, ന്യൂനപക്ഷ സമുദായങ്ങളുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ രാജ്യം അഭിമുഖീകരിക്കുന്നു ”അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചുചേര്‍ത്ത പ്രതിപക്ഷ നേതാക്കളുടെ വെര്‍ച്വല്‍ യോഗത്തില്‍ പങ്കെടുത്ത ശേഷമായിരുന്നു പവാറിന്റെ പ്രതികരണം.

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുത്തതായാണ് റിപ്പോര്‍ട്ട്.

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ഒരേ മനസ്സോടെ നേരിടുക എന്നതായിരിക്കണം പ്രതിപക്ഷ ഐക്യത്തിന്റെ ആത്യന്തിക ലക്ഷ്യമെന്നും അതിനായി സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മൂല്യങ്ങളിലും ഭരണഘടനയുടെ തത്വങ്ങളിലും വ്യവസ്ഥകളിലും വിശ്വസിക്കുന്ന ഒരു ഗവണ്‍മെന്റ് രാജ്യത്തിന് നല്‍കണം എന്ന ലക്ഷ്യത്തോടെ ഏകമനസ്സോടെ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ആരംഭിക്കേണ്ടതുണ്ടെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നുവന്നതായാണ് സൂചന.

”ഇത് ഒരു വെല്ലുവിളിയാണ്, എന്നാല്‍ നമുക്ക് ഒരുമിച്ച് അതിലേക്ക് ഉയരാം, കാരണം ഒരുമിച്ച് പ്രവര്‍ത്തിക്കുക എന്നതിന് ഒരു ബദലും ഇല്ല.നമുക്കെല്ലാവര്‍ക്കും പല നിര്‍ബന്ധങ്ങളുണ്ട്, പക്ഷേ നമ്മുടെ രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി നാം അവയെ മറികടക്കേണ്ട
സമയം വന്നിരിക്കുന്നു,” സോണിയാ ഗാന്ധി പറഞ്ഞു.

18 പ്രതിപപക്ഷ പാര്‍ട്ടികളുടെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയാണ് ഇന്ന് നടന്നത്.

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ,
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ തുടങ്ങിയ നേതാക്കളെ കോണ്‍ഗ്രസ് ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു.

ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിച്ചു നിര്‍ത്തി ശക്തമായ മുന്നേറ്റം നടത്താനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Opposition parties against BJP

We use cookies to give you the best possible experience. Learn more