| Tuesday, 13th July 2021, 8:00 am

'ജനങ്ങളെ ബോധവത്ക്കരിച്ചാണ് സന്താന നിയന്ത്രണം നടപ്പിലാക്കേണ്ടത്, അല്ലാതെ ബില്ലിലൂടെയല്ല'; യു.പി. സര്‍ക്കാരിന്റെ ജനസംഖ്യാ നിയന്ത്രണ ബില്ലിനെതിരെ സമാജ്‌വാദി പാര്‍ട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ:  ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പുതിയ ജനസംഖ്യാ നിയന്ത്രണ ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമാജ്‌വാദി പാര്‍ട്ടി.

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ടുള്ള സര്‍ക്കാരിന്റെ കളിയാണ് പുതിയ ബില്ലെന്നാണ് സമാജ്വാദി പാര്‍ട്ടിയുടെ വിമര്‍ശനം.

തെരഞ്ഞെടുപ്പ് തന്ത്രത്തിന് അപ്പുറത്തേക്ക് ഒന്നുമല്ല പുതിയ ബില്ലെന്നും ബി.ജെ.പി. എല്ലാം രാഷ്ട്രീയവത്ക്കരിക്കുകയാണെന്നും സമാജ് വാദി പാര്‍ട്ടി എം.പി. ഷെഫീഖൂര്‍ റഹ്മാന്‍ ആരോപിച്ചു.

തോല്‍വിയില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് സര്‍ക്കാര്‍ പുതിയ ബില്ല് കൊണ്ടുവന്നതെന്നാണ് പ്രതിപക്ഷ നേതാവ് രാം ഗോവിന്ദ് ചൗധരി പറഞ്ഞത്. ജനങ്ങളെ ബോധവത്ക്കരിച്ചാണ് സന്താന നിയന്ത്രണം നടപ്പിലാക്കേണ്ടതെന്നും അല്ലാതെ ബില്ലിലൂടെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പുതിയ ബില്ലിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയാണെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് നിയമപരമായും അവിഹിതമായും എത്ര മക്കളുണ്ടെന്ന് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് ജനസംഖ്യാ നിയന്ത്രണ ബില്ലിന്റെ കരട് രൂപം യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി. സര്‍ക്കാര്‍ പുറത്തുവിട്ടത്.

രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യവും ജോലിയും നിഷേധിക്കുന്നതാണ് കരട് ബില്‍. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തും.

നിലവില്‍ സര്‍ക്കാര്‍ ജോലി ഉള്ള വ്യക്തി ആണെങ്കില്‍ സ്ഥാനക്കയറ്റം നിഷേധിക്കുമെന്നും കരട് ബില്ലില്‍ പറയുന്നു. ഈ മാസം 19 വരെ ബില്ലിനെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. നേരത്തെ അസമും സമാന നിയമം കൊണ്ടുവന്നിരുന്നു.

സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: opposition part against UP’s new population bill

We use cookies to give you the best possible experience. Learn more