| Monday, 16th July 2018, 10:07 pm

ബി.ജെ.പിയ്ക്ക് അടുത്ത തിരിച്ചടിയ്ക്ക് കളമൊരുങ്ങുന്നു; രാജ്യസഭാ ഉപാധ്യക്ഷസ്ഥാനത്തേക്ക് സംയുക്ത സ്ഥാനാര്‍ത്ഥിയുമായി പ്രതിപക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് സംയുക്ത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം. രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പൊതുസമ്മതനായ പേര് നിര്‍ദ്ദേശിക്കുകയും വിജയിപ്പിക്കുകയും ചെയ്യുമെന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ ധാരണയായി. എന്നാല്‍ ആരാകും സ്ഥാനാര്‍ത്ഥിയെന്നതിനെക്കുറിച്ച് തീരുമാനമായിട്ടില്ല. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച ശേഷം സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും. എന്‍.സി.പിയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ALSO READ: നരേന്ദ്രമോദിയുടെ പ്രസംഗത്തിനിടെ കൂറ്റന്‍ പന്തല്‍ തകര്‍ന്നുവീണു; നിരവധി പേര്‍ക്ക് പരിക്ക്

പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദിന്റെ ഓഫീസിലായിരുന്നു യോഗം. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ ശക്തിയും ഐക്യവും തെളിയിക്കുന്നതിനുള്ള പരീക്ഷണം കൂടിയായിരിക്കും ഉപാധ്യക്ഷ തെരഞ്ഞെടുപ്പ്. രാജ്യസഭയില്‍ ഭരണകക്ഷിയായ എന്‍.ഡി.എയ്ക്ക് ഭൂരിപക്ഷമില്ല.

നിലവില്‍ 245 ആണ് രാജ്യസഭയിലെ കക്ഷിനില. നാല് പേരെക്കൂടി കഴിഞ്ഞ ദിവസം രാഷ്ട്രപതി നിര്‍ദ്ദേശിച്ചതോടെ ഇത് 249 ആകും. ഉപാധ്യക്ഷ സ്ഥാനത്തേക്ക് 125 എം.പിമാരുടെ പിന്തുണയാണ് വേണ്ടത്.

ALSO READ: വേണ്ട സൗകര്യങ്ങള്‍ നല്‍കൂ, അവര്‍ മെഡലുകള്‍ കൊണ്ടുവരും: പരിഹാസങ്ങള്‍ക്കുള്ള മറുപടിയാണ് ഹിമയെന്നും പി.ടി. ഉഷ

നിലവില്‍ 99 പേരുടെ പിന്തുണയാണ് എന്‍.ഡി.എയ്ക്കുള്ളത്. എ.ഐ.ഡി.എം.കെ പിന്തുണച്ചാലും 112 പേരുടെ പിന്തുണയാണ് എന്‍.ഡി.എയ്ക്ക് ലഭിക്കുക. മൂന്ന് സ്വതന്ത്രരടക്കം 137 എം.പിമാരുടെ പിന്തുണയാണ് പ്രതിപക്ഷത്തിനുള്ളത്.

നിലവിലെ രാജ്യസഭാ ഉപാധ്യക്ഷനായ പി.ജെ കുര്യന്റെ കാലാവധി ജൂലൈ ഒന്നിന് അവസാനിച്ചിരുന്നു.

നേരത്തെ ഉത്തര്‍പ്രദേശിലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്‌ക്കെതിരെ എസ്.പി-ബി.എസ്.പി സഖ്യവും കര്‍ണാടകയില്‍ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യവും വിജയം കണ്ടിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more