ന്യുദൽഹി:പ്രതിപക്ഷ വിമർശനത്തിന് പിന്നാലെ ആശുപത്രികൾ അടച്ചിടാനുള്ള ഉത്തരവ് പിൻവലിച്ച് ദൽഹി എയിംസ്. ദൽഹിയിലെ എയിംസ്, സഫ്ദർജംഗ്, റാം മനോഹർ ലോഹ്യ തുടങ്ങിയ കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള ആശുപത്രികൾ അയോധ്യയിലെ രാമക്ഷേത്രത്തിത്തിന്റെ പ്രാൺ-പ്രതിഷ്ഠ ചടങ്ങിന്റെ ഭാഗമായി ജനുവരി 22 ന് ഉച്ചയ്ക്ക് 2.30 വരെ അടച്ചിടാൻ തീരുമാനിച്ചെതിരെ വിമർശനവുമായി പ്രതിപക്ഷ പാർട്ടി നേതാക്കൾ രംഗത്ത് എത്തിയിരുന്നു.
ദൽഹിയിലെ ഓൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ജനുവരി 22 ഉച്ചയ്ക്ക് 2.30 വരെ അർധ ദിവസ അവധിയായിരിക്കുമെന് ഔദ്യോഗികമായി അറിയിച്ചതിന് പിന്നാലെയാണ് വിമർശനവുമായി പ്രതിപക്ഷനേതാക്കൾ എത്തിയത്.
അടിയന്തര ക്ലിനിക്ക് സേവനങ്ങൾ ഒഴികെയുള്ള മറ്റൊന്നും തന്നെ മേൽ പറഞ്ഞ സമയം ലഭ്യമായിരിക്കില്ല എന്ന് അറിയിപ്പിൽ പറയുന്നു.
അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന്റെ ദിവസം ഉച്ചയ്ക്ക് 2.30 വരെ ഒപിഡി, ലാബ് സേവനങ്ങൾ, പതിവ് സേവനങ്ങൾ എന്നിവ ലഭ്യമായിരിക്കില്ലെന്നും റാം മനോഹർ ലോഹ്യ ആശുപത്രി അറിയിച്ചു. എന്നാൽ ക്രിട്ടിക്കൽ കെയറും എമർജൻസി സർവീസുകളും ലഭ്യമാണെന്ന് ഈ ആശുപത്രികൾ വ്യക്തമാക്കി.
“ഹലോ മനുഷ്യരേ. ദയവായി 22-ന് മെഡിക്കൽ എമർജൻസിയിലേക്ക് പോകരുത്, മര്യാദ പുരുഷോത്തമനെ സ്വാഗതം ചെയ്യാൻ ദൽഹി എയിംസ് അവധിയെടുക്കുന്നതിനാൽ ഉച്ചയ്ക്ക് 2 മണിക്ക് ശേഷം മാത്രം പോകാൻ ശ്രദ്ധിക്കുക.രാമനെ സ്വാഗതം ചെയ്യാനായി ആരോഗ്യ സേവനങ്ങൾ തടസ്സപ്പെടുത്താൻ ശ്രീരാമൻ സമ്മതിക്കുമോ എന്ന് ഞാൻ അത്ഭുതപ്പെടുന്നു. ഹേ റാം, ഹേ റാം!”വിജ്ഞാപനത്തോട് പ്രതികരിച്ച് കൊണ്ട് ശിവസേന (ഉദ്ദവ് താക്കറെ വിഭാഗം) എം.പി പ്രിയങ്ക ചതുർവേദി സോഷ്യൽ മീഡിയ എക്‌സിൽ കുറിച്ചു.
തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എം.പി സാകേത് ഗോഖലെ എക്‌സിലൂടെ പറഞ്ഞു : “അക്ഷരാർത്ഥത്തിൽ ജനങ്ങൾ കടുത്ത തണുപ്പിൽ എയിംസ് ഗേറ്റുകളിൽ അപ്പോയിന്റ്മെന്റിനായി കാത്തിരിക്കുന്നു”. ദരിദ്രർക്കും മരിക്കാൻ പോകുന്നവർക്കും കാത്തിരിക്കാം, കാരണം ക്യാമറകൾക്കും പി.ആറിനും വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത മോദിക്കാണ് ഇവിടെ മുൻഗണന.”
കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ് ഉൾപ്പെടെയുള്ളവൾ തങ്ങളുടെ അമർശം രേഖപ്പെടുത്തിയിട്ടുണ്ട്.
Content Highlight: Opposition MPs react as AIIMS, other Delhi hospitals declare half-day on January 22