| Wednesday, 13th December 2023, 8:34 pm

പ്രതിഷേധക്കാര്‍ക്ക് പാസ് നല്‍കിയത് മുസ്‌ലിം പേരുള്ള ഒരാളായിരുന്നെങ്കിലോ, പ്രതിപക്ഷ എം.പി ആയിരുന്നെങ്കിലോ: ബിനോയ് വിശ്വം എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്സഭയിലെ ഗുരുതരുമായ സുരക്ഷാ വീഴ്ചയില്‍ പ്രതികരിച്ച് സി.പി.ഐ എം.പി ബിനോയ് വിശ്വം. ലോക്‌സഭയില്‍ പ്രതിഷേധവുമായി എത്തിയവര്‍ക്ക് പാസ് നല്‍കിയത് മുസ്‌ലിം പേരുള്ള ഒരാളായിരുന്നെങ്കില്‍, പ്രതിപക്ഷത്തുള്ള ഏതെങ്കിലും എം.പിമാര്‍ ആയിരുന്നെങ്കില്‍ ഇന്ന് ഇന്ത്യ നിന്ന് കത്തുമായിരുന്നുവെന്നാണ് ബിനോയ് വിശ്വം എം.പി പ്രതികരിച്ചത്. നിര്‍ഭാഗ്യവശാല്‍ താന്‍ ഈ കാര്യത്തില്‍ ഭയപ്പെട്ടിരുന്നുവെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍, ശശി തരൂര്‍, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി എന്നിവരടക്കമുള്ള പ്രതിപക്ഷ പ്രതിനിധികളും മാധ്യമങ്ങളോട് പ്രതികരിച്ചു.

ഭീകരമായ രീതിയിലുള്ള സംഭവ വികാസങ്ങളാണ് സഭയിലുണ്ടായിരുന്നത് എന്നാണ് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി പ്രതികരിച്ചത്. പുക വമിച്ചതോടെ അംഗങ്ങള്‍ ഇറങ്ങിയോടിയെന്നും ഇത്തരം വസ്തുക്കളുമായി പ്രതിഷേധക്കാര്‍ എങ്ങനെയാണ് അകത്ത് കയറിയതെന്നും അദ്ദേഹം ചോദിച്ചു. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭയില്‍ ഉണ്ടായത് ഗുരുതരമായ വീഴ്ചയാണെന്നും അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് മാറി നില്ക്കാന്‍ കഴിയില്ലെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയും പ്രതികരിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരം സുരക്ഷിതമല്ലെന്നും സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്നും എം.പി ശശി തരൂര്‍ പ്രതികരിച്ചു.

പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാര്‍ക്ക് പാര്‍ലമെന്റ് സന്ദര്‍ശനത്തിനായി പാസ് നല്‍കിയത് ബി.ജെ.പി എം.പിയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത ഒരാളുടെ കയ്യില്‍ കുടക് മണ്ഡലം ബി.ജെ.പി എം.പി പ്രതാപ് സിംഹ ഒപ്പിട്ട് നല്‍കിയ പാസ് ഉള്ളതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. പ്രതിഷേധക്കാരുടെ പക്കല്‍ നിന്ന് ലഭിച്ച സിംഹയുടെ പാസ് ലോക്‌സഭാ എം.പി ഡാനിഷ് അലി ഫോട്ടോയെടുക്കുകയും അവ പിന്നീട് മാധ്യമങ്ങളെ കാണിക്കുകയുമായിരുന്നു.

Content Highlight: Opposition MPs in Kerala react to the security breach in the Lok Sabha

We use cookies to give you the best possible experience. Learn more