| Tuesday, 23rd July 2019, 10:48 am

ഗുജറാത്തിലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ നിരത്തി രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവിന്റെ പ്രസംഗം; മറുപടി പറയാന്‍ തുനിഞ്ഞ ആഭ്യന്തര സഹമന്ത്രിയെ വിലക്കി അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മനുഷ്യാവകാശ നിയമ ഭേദഗതി ബില്‍ ചര്‍ച്ചയ്ക്കിടെ ഗുജറാത്തിലെ വംശഹത്യയും വ്യാജ ഏറ്റുമുട്ടലുകളം തീവ്രവാദ ആക്രമണങ്ങളും ഉയര്‍ത്തിക്കാട്ടി രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് മധുസൂദനന്‍ മിസ്ത്രിയുടെ പ്രസംഗം. ഗുജറാത്തിലെ 50 ലേറെ ഏറ്റുമുട്ടലുകള്‍ നടന്നത് ഒരു പൊലീസ് ഓഫീസറുടെ കാലത്താണെന്നും ആ പൊലീസ് ഓഫീസര്‍ ജയിലില്‍ പോയശേഷം ഗുജറാത്തില്‍ പിന്നീട് ഏറ്റുമുട്ടലുണ്ടായിട്ടില്ലെന്നും മിസ്ത്രി തുറന്നടിച്ചു.

ആഭ്യന്തര മന്ത്രി അമിത് ഷായടക്കമുള്ളവര്‍ ആരോപണം നേരിട്ട സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക്, ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ പ്രതിപ്പട്ടികയില്‍പ്പെട്ട ഗുജറാത്തിലെ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഡി.ജി വന്‍സാരയുടെ പേര് പരോക്ഷമായി സൂചിപ്പിച്ചായിരുന്നു മിസ്ത്രിയുടെ വിമര്‍ശനം.

ഗുജറാത്തില്‍ നടന്ന തീവ്രവാദ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ബി.ജെ.പി അവകാശവാദങ്ങളേയും മിസ്ത്രി പരിഹസിക്കുന്നുണ്ട്. പാക്കിസ്താനിലും ബാലാകോട്ടിലുമുള്ള തീവ്രവാദ ക്യാമ്പിനെക്കുറിച്ച് നമ്മുടെ രഹസ്യാന്വേഷണ ഏജന്‍സികളുടെ പക്കല്‍ വിവരമുണ്ട്. എന്നാല്‍ കശ്മീരില്‍ നിന്നുള്ള ആളുകള്‍ ട്രെയിനില്‍ അഹമ്മദാബാദില്‍ വന്നിറങ്ങി അവിടെ നിന്ന് റിക്ഷപിടിച്ച് ഗുജറാത്ത് മുഖ്യമന്ത്രിയുടെ വീടിനടുത്തുവന്ന് അക്ഷര്‍ധാം ക്ഷേത്രത്തിനുനേരെ ആക്രമണം നടത്തുമ്പോള്‍ ആ വിവരം മാത്രം നമ്മുടെ പക്കലില്ലെന്നു പറഞ്ഞായിരുന്നു മിസ്ത്രിയുടെ പരിഹാസം.

ഏത് സംഘടനയുടെ അംഗമാണ് എന്ന കുറിപ്പ് കീശയിലിട്ടാണ് ഈ തീവ്രവാദികളൊക്കെ ഗുജറാത്തിലേക്ക് വന്നതെന്നും മിസ്ത്രി പരിഹസിച്ചു.

മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടത്തിയ എത്ര ഓഫീസര്‍മാര്‍ക്കെതിരെയാണ് കേസെടുത്തതെന്നും എത്ര പേരെയാണ് ജയിലിട്ടതെന്നും അവരിലെത്ര പേര്‍ ശിക്ഷിക്കപ്പെട്ടുവെന്നും അദ്ദേഹം ചോദിച്ചു.

ഗുജറാത്തിലെ മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെതിരെ തുടരുന്ന പ്രതികാര നടപടികള്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ് രാജ്യസഭയില്‍ ചര്‍ച്ചയാക്കി. 184 കസ്റ്റഡി മരണങ്ങള്‍ നടന്ന ഗുജറാത്തില്‍ ഒരു സഞ്ജീവ് ഭട്ടിനെ മാത്രം ജീവപര്യന്തം തടവിന് ശിക്ഷിച്ചതെങ്ങനെയെന്നാണ് അദ്ദേഹം ചോദിച്ചത്.

ഗുജറാത്തിലെ വിഷങ്ങള്‍ക്ക് മറുപടി പറയാന്‍ മനുഷ്യാവകാശ നിയമഭേദഗതി ബില്‍ അവതരിപ്പിച്ച നിത്യാനന്ദ് റായ് തുനിഞ്ഞപ്പോള്‍ അമിത് ഷാ ഇടപെട്ട് വിലക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more