| Wednesday, 22nd May 2019, 11:23 pm

കരുനീക്കം സജീവമാക്കി പ്രതിപക്ഷം; നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടേക്കുമെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടക്കുന്നുവെന്ന പരാതിയുമായി പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതിയെ കാണാന്‍ സാധ്യത. പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഇ.വി.എം തിരിമറി സംബന്ധിച്ച പരാതി നാളെ നേരിട്ട് രാഷ്ട്രപതിക്ക് കൈമാറുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാഷ്ട്രപതിയെ നേരില്‍ കാണാനായി നേതാക്കള്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് രാഷ്ട്രപതിയെ സന്ദര്‍ശിക്കുന്ന സംഘത്തില്‍ ഉള്ളതായി റിപ്പോര്‍ട്ടില്ല.

നേരത്തെ വോട്ടിങ് യന്ത്രങ്ങള്‍ എണ്ണുന്നതിനു മുമ്പ് വിവിപാറ്റുകള്‍ എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തെരഞ്ഞെടുപ്പു കമ്മീഷന്‍ തള്ളിയിരുന്നു. വിവിപാറ്റുകള്‍ ആദ്യം എണ്ണുന്നത് അന്തിമ ഫലം അറിയുന്നത് ദിവസങ്ങളോളം വൈകാനിടയാക്കുമെന്നു പറഞ്ഞാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയത്.

കഴിഞ്ഞദിവസം പ്രതിപക്ഷകക്ഷികള്‍ ഒന്നടങ്കം തെരഞ്ഞെടുപ്പു കമ്മീഷനെ കണ്ട് വോട്ടെണ്ണലുമായി ബന്ധപ്പെട്ട ചില നിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷനു മുമ്പാകെ സമര്‍പ്പിച്ചിരുന്നു.

അതില്‍ പ്രധാനപ്പെട്ട നിര്‍ദേശമായിരുന്നു ഇ.വി.എം എണ്ണുന്നതിനു മുമ്പ് വിവിപാറ്റുകള്‍ എണ്ണുകയെന്നത്. പഞ്ചാബ്, ഹരിയാന, ബീഹാര്‍, യു.പി എന്നിവിടങ്ങളില്‍ നിന്നും വോട്ടിങ് മെഷീനുകള്‍ കാറുകളിലും കടകളിലും കണ്ടെത്തിയതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രതിപക്ഷം തെരഞ്ഞെടുപ്പു കമ്മീഷന് നിവേദനം നല്‍കിയത്.

വിവിപാറ്റ് എണ്ണുന്നതില്‍ എന്തെങ്കിലും വൈരുദ്ധ്യം കണ്ടെത്തിയാല്‍, വിവിപാറ്റിലെ മുഴുവന്‍ സ്ലിപുകളും ഇ.വി.എം മെഷീനുകളിലെ ഫലവുമായി താരതമ്യപ്പെടുത്തണമെന്ന് 21 രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more