ന്യൂദല്‍ഹി: ഇന്ധന വിലവര്‍ധനവിനെ കുറിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍ സംസാരിക്കാന്‍ തയ്യാറാവാത്തതിന് പിന്നാലെ ലോക്‌സഭയില്‍ നിന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഇറങ്ങിപ്പോയി.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം പെട്രോള്‍-ഡീസല്‍-പാചകവാതക വിലവര്‍ധനവ് ഉണ്ടായതിന് പിന്നാലെയായിരുന്നു പ്രതിപക്ഷം ഇക്കാര്യം ഉന്നയിച്ചത്. 137 ദിവസത്തിന് ശേഷമായിരുന്നു ഇന്ത്യയില്‍ ഇന്ധനവില വര്‍ധിപ്പിച്ചത്.
ശൂന്യവേളയിലായിരുന്നു കോണ്‍ഗ്രസ് എം.പിയായ ഗൗരവ് ഗൊഗോയ് ഈ വിഷയം ഉന്നയിച്ചത്. കൊവിഡിന് ശേഷം സാധാരണ ജനങ്ങള്‍ക്ക് ജീവിക്കാനാവശ്യമായ സാഹചര്യം രാജ്യത്തുണ്ടായിരിക്കണം എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഗൊഗോയ് വിഷയം അവതരിപ്പിച്ചത്.
137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ആഴ്ചയില്‍ മൂന്ന് തവണ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിക്കുകയും ചെയ്തു.
കഴിഞ്ഞ ഡിസംബര്‍ മുതല്‍ റഷ്യയും ഉക്രൈനും തമ്മിലുള്ള സംഘര്‍ഷം പുകയുകയാണെന്നും എന്നാല്‍ ഇപ്പോള്‍ ആ സംഘര്‍ഷത്തെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ വില വര്‍ധിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
‘ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇനിയും എത്രത്തോളം വിലവര്‍ധനവുകള്‍ താങ്ങാനാകുമെന്ന് ഞങ്ങള്‍ക്കറിയില്ല. ഇന്ത്യയിലെ ജനങ്ങള്‍ ഒമിക്രോണ്‍ ഭീതിയില്‍ നിന്നും മടങ്ങിയെത്തി. ഇപ്പോഴവര്‍ക്ക് അവരുടെ ബിസിനസും മറ്റ് ജോലികളും ചെയ്യാന്‍ കഴിയുന്ന ഒരു അന്തരീക്ഷമാണ് രാജ്യത്ത് വേണ്ടത്.
എന്നാല്‍ ഈ വിലവര്‍ധനവുകളെല്ലാം തന്നെ ബിസിനസിന്റെ ചെലവ് വര്‍ധിപ്പിക്കുന്നു. ഇത് പണപ്പെരുപ്പത്തിലേക്കാണ് രാജ്യത്തെ നയിക്കുക,’ അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് എം.പി ഗൊഗോയ്ക്ക് പുറമെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. 137 ദിവസം കൂട്ടാതിരുന്ന ഇന്ധന വില ഒറ്റയടിക്ക് മൂന്ന് തവണ വര്‍ധിപ്പിച്ചതിന്റെ കാരണവും അവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ സഭയില്‍ ഉണ്ടായിരുന്നിട്ടും ധനമന്ത്രി ഇതിന് മറുപടി പറയാന്‍ തയ്യാറായില്ലെന്ന് പ്രതിപക്ഷ നേതാക്കള്‍ പറയുന്നു.
ധനമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് സി.പി.ഐ.എം, സിപി.ഐ മറ്റ് ഇടത് പാര്‍ട്ടികള്‍, ഡി.എം.കെ, കോണ്‍ഗ്രസ്, എന്‍.സി.പി വി.സി.കെ മുസ്‌ലിം ലീഗ് എം.പിമാര്‍ സഭാ നടപടികള്‍ ബഹിഷ്‌കരിച്ച് സഭയില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.