ന്യൂദല്‍ഹി: ജാര്‍ഖണ്ഡിലെ അലീമുദ്ദീന്‍ അന്‍സാരി വധക്കേസിലെ പ്രതികളെ പൂമാലയിട്ട് സ്വീകരിച്ച സംഭവത്തില്‍ കേന്ദ്ര വ്യോമയാനമന്ത്രി ജയന്ത് സിന്‍ഹയ്‌ക്കെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം വിളി. വര്‍ഷകാല സമ്മേളനം ആരംഭിച്ച ഇന്ന് സംസാരിക്കാന്‍ എഴുന്നേറ്റ് നിന്നപ്പോഴാണ് പ്രതിഷേധമുണ്ടായത്.
ക്ഷമ പറയണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ക്രിമിനലുകളെ മാലയിട്ട് സ്വീകരിക്കുന്നത് അവസാനിപ്പിക്കൂ എന്ന മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. എന്നാല്‍ ജയന്ത് സിന്‍ഹ സംസാരം തുടരുകയായിരുന്നു.
ജാര്‍ഖണ്ഡിലെ ഹസാരിഭാഗ് എം.പിയായ ജയന്ത് സിന്‍ഹ ജൂലൈ ഏഴിനാണ് എട്ടുപ്രതികളെ മാലയിട്ട് സ്വീകരിക്കുന്ന ചിത്രം വൈറലായിരുന്നത്.
2017 ജൂണ്‍ 29 നാണ് അലിമുദ്ദീന്‍ അന്‍സാരിയെ ജാര്‍ഖണ്ഡിലെ രാംഗഡില്‍ ജനക്കൂട്ടം തല്ലിക്കൊന്നത്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീട് രാംഗഡ് ഫാസ്റ്റ്ട്രാക്ക് കോടതി ജീവപര്യന്തത്തിന് ശിക്ഷിച്ചിരുന്നു.
കേസില്‍ ഇക്കഴിഞ്ഞ ജൂണ്‍ 29ന് ജാമ്യം 8 ആളുകള്‍ക്ക് ഒരുക്കിയ സ്വീകരണത്തിലാണ് ജയന്ത് സിന്‍ഹ പ്രതികള്‍ക്ക് പൂമാലയണിയിച്ചത്. ഇതിനെതിരെ ജയന്ത് സിന്‍ഹയുടെ അച്ഛനും ബി.ജെ.പി മുന്‍ നേതാവുമായ യശ്വന്ത് സിന്‍ഹയടക്കം നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
നടപടി വിവാദമായതോടെ ജയന്ത് സിന്‍ഹ മാപ്പുപറഞ്ഞിരുന്നു. പ്രതികള്‍ക്ക് മാലയിട്ടതിലൂടെ താന്‍ ആള്‍ക്കൂട്ട അക്രമത്തെ പിന്തുണക്കുന്നയാളാണെന്ന പ്രതീതിയുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.