| Friday, 23rd June 2023, 4:59 pm

ബി.ജെ.പിക്കെതിരെ ഒറ്റക്കെട്ടെന്ന് പ്രതിപക്ഷം; ചരിത്രം ഇവിടെ തുടങ്ങുകയാണെന്ന് ബി.ജെ.പിക്ക് മുന്നറിയിപ്പുമായി മമത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെ അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ഒന്നിച്ച് പോരാടാന്‍ പ്രതിപക്ഷ കക്ഷികളുടെ തീരുമാനം. ഇന്ന് പാറ്റ്‌നയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വലിയ വിജയമായിരുന്നുവെന്നും ഈ ഐക്യം തുടരാനാണ് തീരുമാനമെന്നും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.

ജൂലൈ 10, 11 ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ വീണ്ടും പ്രതിപക്ഷ യോഗം ചേരാന്‍ തീരുമാനമായിട്ടുണ്ടെന്നും ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ പറഞ്ഞു. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനും ഏതെല്ലാം സീറ്റുകളില്‍ ആരെല്ലാം മത്സരിക്കണമെന്നതിനെ കുറിച്ചും ഷിംലയില്‍ നടക്കുന്ന ദ്വിദിന യോഗത്തില്‍ തീരുമാനിക്കുമെന്ന് നിതീഷ് കുമാര്‍ അറിയിച്ചു. ഇന്നത്തെ യോഗം പ്രതീക്ഷയേകുന്നതാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘപരിവാറും ബി.ജെ.പിയും രാജ്യത്തിന്റെ അടിസ്ഥാന ശിലകള്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ ചെറുക്കാനായി പ്രതിപക്ഷം ഒറ്റക്കെട്ടായി പൊരുതുമെന്ന് കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും പറഞ്ഞു.

അഭിപ്രായവ്യത്യാസങ്ങളെല്ലാം മറന്ന് പ്രതിപക്ഷ കക്ഷികളെല്ലാം ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സംഘപരിവാറും ബി.ജെ.പിയും രാജ്യത്തിന്റെ അടിസ്ഥാന ശിലകള്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ ചെറുക്കാനായി പ്രതിപക്ഷം ഒറ്റക്കെട്ടായി പൊരുതുമെന്ന് രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി ചരിത്രത്തെ മായ്ച്ചു കളയാന്‍ ശ്രമിക്കുന്ന ഇക്കാലത്ത് പ്രതിപക്ഷ ഐക്യത്തിലൂടെ പുതുചരിത്രത്തിന് തുടക്കമിടുകയാണ് പാറ്റ്‌നയിലെ പ്രതിപക്ഷ യോഗമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.

‘ഞങ്ങളുടെ രക്തമൊഴുക്കിയിട്ടാണെങ്കില്‍ പോലും ബി.ജെ.പിയില്‍ നിന്ന് ഈ രാജ്യത്തെ മോചിപ്പിക്കും. മൂന്ന് കാര്യങ്ങളില്‍ ഞങ്ങള്‍ ഒറ്റക്കെട്ടാണ്, ഞങ്ങള്‍ ഒറ്റക്കെട്ടായി പൊരുതും, ഞങ്ങള്‍ വെറും പ്രതിപക്ഷമല്ല, ഈ നാടിന്റെ ധീരദേശാഭിമാനികളാണ്.

മാധ്യമങ്ങളെ അവര്‍ നിയന്ത്രിക്കുകയാണ്. എതിര്‍ക്കുന്നവരെയെല്ലാം അവര്‍ സി.ബി.ഐയെയും ഇ.ഡിയെയും കാണിച്ച് ഭയപ്പെടുത്താനാണ് ശ്രമിക്കുന്നത്,’ മമത പറഞ്ഞു.

Content Highlights: opposition meeting patna, main highlights

We use cookies to give you the best possible experience. Learn more