ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ ഒരുമിച്ച് പരസ്യപ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചുചേര്‍ത്ത വെര്‍ച്വല്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.
സെപ്റ്റംബര്‍ 20 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ രാജ്യവ്യാപക പ്രതിഷേധത്തിനാണ് പ്രതിപക്ഷം ഒരുങ്ങുന്നത്. കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും പ്രതിഷേധം സംഘടിപ്പിക്കുകയെന്ന് പ്രതിപക്ഷം ഒന്നിച്ചിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഓരോ പാര്‍ട്ടികളുടേയും സംസ്ഥാന ഘടകങ്ങളായിരിക്കും പ്രതിഷേധത്തിന്റ ശൈലി തീരുമാനിക്കുക. ഹര്‍ത്താല്‍, ധര്‍ണ്ണകള്‍ തുടങ്ങിയ പ്രതിഷേധപരിപാടികള്‍ക്കാണ് യോഗം തീരുമാനത്തിലെത്തിയിരിക്കുന്നത്.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ ഒരേ മനസ്സോടെ നേരിടുക എന്നതായിരിക്കണം പ്രതിപക്ഷ ഐക്യത്തിന്റെ ആത്യന്തിക ലക്ഷ്യമെന്നും അതിനായി സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മൂല്യങ്ങളിലും ഭരണഘടനയുടെ തത്വങ്ങളിലും വ്യവസ്ഥകളിലും വിശ്വസിക്കുന്ന ഒരു ഗവണ്‍മെന്റ് രാജ്യത്തിന് നല്‍കണം എന്ന ലക്ഷ്യത്തോടെ ഏകമനസ്സോടെ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ആരംഭിക്കേണ്ടതുണ്ടെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.
”ഇത് ഒരു വെല്ലുവിളിയാണ്, എന്നാല്‍ നമുക്ക് ഒരുമിച്ച് അതിലേക്ക് ഉയരാം, കാരണം ഒരുമിച്ച് പ്രവര്‍ത്തിക്കുക എന്നതിന് ഒരു ബദലും ഇല്ല. നമുക്കെല്ലാവര്‍ക്കും പല നിര്‍ബന്ധങ്ങളുണ്ട്, പക്ഷേ നമ്മുടെ രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി നാം അവയെ മറികടക്കേണ്ട
സമയം വന്നിരിക്കുന്നു,” സോണിയാ ഗാന്ധി പറഞ്ഞു.