| Tuesday, 26th November 2019, 9:01 am

പാര്‍ലമെന്റില്‍ സംയുക്ത ബഹിഷ്‌ക്കരിക്കണത്തിനൊരുങ്ങി പ്രതിപക്ഷം; ശിവസേനയുടെ തീരുമാനം സോണിയയുടെ വസതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭരണഘടനാദിനത്തില്‍ പാര്‍ലമെന്റിലെ സംയുക്ത സമ്മേളനം ബഹിഷ്‌ക്കരിക്കാനൊരുങ്ങി പ്രതിപക്ഷ എം.പിമാര്‍. മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ പ്രതിഷേധിച്ചും സഭയിലെ വനിതാ എം.എല്‍.എമാരെ പുരുഷ മാര്‍ഷെല്‍മാര്‍ കയ്യേറ്റം ചെയ്തതിലും പ്രതിഷേധിച്ചാണ് സംയുക്ത സമ്മേളനം ബഹിഷ്‌ക്കരിക്കുന്നത്.

ശിവസേന എം.പിമാരും പ്രതിപക്ഷക്ഷികള്‍ക്കൊപ്പം ചേര്‍ന്ന് സമ്മേളനം ബഹിഷ്‌ക്കരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ശിവസേന എം.പിമാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടികാഴ്ച്ച നടത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആദ്യമായാണ് പ്രത്യയശാസ്ത്രപരമായി ഭിന്നിച്ച് നില്‍ക്കുന്ന പ്രതിപക്ഷ കക്ഷികള്‍ സോണിയയുടെ വസതിയില്‍ വെച്ച് കൂടികാഴ്ച്ച നടത്തുന്നത്.
ഇന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ ഭരണഘടനാദിനം ആഘോഷിക്കുകയാണ്.

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് ശിവസേന എം.പിമാര്‍ പ്രതിപക്ഷത്തിനൊപ്പമായിരിക്കുമെന്നും സംയുക്ത സമ്മേളനത്തില്‍ ഇരിക്കില്ലെന്നും സേന എം.പി ഗജാനന്‍ കീര്‍ത്തകര്‍ അറിയിച്ചു.

‘മഹാരാഷ്ട്രയില്‍ ഭരണഘടനയെ സര്‍ക്കാര്‍ കൊന്നു. പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ നിര്‍ദേശ പ്രകാരം ഞങ്ങള്‍ പാര്‍ലമെന്റിലെ സംയുക്ത സമ്മേളനം ബഹിഷ്‌കരിക്കും. ഭരണഘടന ദിനത്തിന്റെ സ്മരണക്കായാണ് അത് ചെയ്യുന്നത്.’ ശിവസേന എം.പി വ്യക്തമാക്കി.

ഇതോടൊപ്പം കോണ്‍ഗ്രസും, ഇടത് പാര്‍ട്ടികളും, എന്‍.സി.പി, ടി.എം.സി, ആര്‍.ജെ.ഡി, ടി.ഡി.പി, ഡി.എം.കെ തുടങ്ങിയവരും ചേര്‍ന്ന് പാര്‍ലമെന്റ് കോംപ്ലക്‌സിലെ അംബേദ്ക്കര്‍ പ്രതിമക്ക് മുന്നില്‍ പ്രതിഷേധം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു.

മഹാരാഷ്ട്ര നിയമസഭയില്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് ഭൂരിപക്ഷം തെളിയിക്കേണ്ടത് എപ്പോഴെന്നതില്‍ ഇന്നു രാവിലെ പത്തരയ്ക്കാണ് സുപ്രീം കോടതി വിധി പറയുന്നത്.

രണ്ടാഴ്ചയാണു നവംബര്‍ 23 മുതല്‍ ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി അനുവദിച്ച സമയമെന്നാണ് ബി.ജെ.പിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോത്തഗി വാദിക്കുന്നത്.

അതേസമയം എത്രയും വേഗം ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നാണ് ഹരജിക്കാരായ ശിവസേനയുടെയും എന്‍.സി.പിയുടെയും കോണ്‍ഗ്രസിന്റെയും ആവശ്യം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more