| Monday, 29th August 2022, 8:24 am

പൂര്‍ണ ആരോഗ്യവാനായി തിരിച്ചുവരട്ടെ; കോടിയേരിക്ക് രോഗശാന്തി നേര്‍ന്ന് പ്രതിപക്ഷ നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആരോഗ്യ കാരണങ്ങളാല്‍ സി.പി.ഐ.എം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണന് രോഗശാന്തി നേര്‍ന്ന് പ്രതിപക്ഷ നേതാക്കള്‍. മുസ്‌ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പി.കെ. അബ്ദുറബ്ബ്, കോണ്‍ഗ്രസ് എം.എല്‍.എ ടി. സിദ്ദീഖ്, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവരാണ് കോടിയേരി ബാലകൃഷ്ണന് രോഗ ശാന്തി നേര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ചത്.

‘എത്രയും പെട്ടെന്ന് അസുഖം മാറി കര്‍മപഥത്തിലേക്ക് തിരിച്ചെത്താന്‍ ശ്രീ കോടിയേരി ബാലകൃഷ്ണനു സാധിക്കട്ടെ എന്നാശംസിക്കുന്നു.
Get well soon… Prayers.’ എന്ന് ടി. സിദ്ദീഖ് കുറിച്ചപ്പോള്‍, ‘ആശയപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും വ്യക്തി ബന്ധങ്ങള്‍ പക്വതയോടെ കാത്തു സൂക്ഷിക്കുന്ന കോടിയേരിക്ക് രോഗ ശാന്തി ആശംസിക്കുന്നു. പൂര്‍ണ ആരോഗ്യവാനായി അദ്ദേഹം എത്രയും വേഗം തിരിച്ചെത്തട്ടെ,’ എന്ന് അബ്ദു റബ്ബും കുറിച്ചു.

കോടിയേരിയുടെ ചിത്രത്തോടെപ്പം ‘Get well soon’ എന്നഴുതിയ പോസ്റ്റാണ് മുനവ്വറലി ശിഹാബ് തങ്ങള്‍ പങ്കുവെച്ചത്. അതേസമയം, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയ കോടിയേരി ബാലകൃഷ്ണന്‍ വിദഗ്ധ ചികില്‍സയ്ക്കായി ഇന്ന് ചെന്നൈയിലേക്ക് പോകും.

ചെന്നൈ അപ്പോളോ ഹോസ്പിറ്റലില്‍ ചികില്‍സ നടത്താനാണ് തീരുമാനം. വിമാനമാര്‍ഗമാകും ചെന്നൈയിലേക്ക് തിരിക്കുക. പാര്‍ട്ടി നിര്‍ദ്ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് വിദഗ്ധ ചികില്‍സയ്ക്കായി ചെന്നൈയിലേക്കുള്ള യാത്ര.

കഴിഞ്ഞ ദിവസമാണ് കോടിയേരി ബാലകൃഷ്ണന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗവുമായ എം.വി. ഗോവിന്ദനാണ് സി.പി.ഐ.എമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടറി. ഞായറാഴ്ച രാവിലെ ചേര്‍ന്ന സി.പി.ഐ.എം സംസ്ഥാന സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.

Content Highlights: Opposition leaders wished recovery to Kodiyeri Balakrishnan, who resigned as CPIM secretary due to health reasons

We use cookies to give you the best possible experience. Learn more