| Wednesday, 20th December 2023, 8:50 am

സസ്‌പെന്‍ഷനിലുള്ള 141 എം.പിമാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ലോക്‌സഭ സെക്രട്ടേറിയേറ്റിന്റെ സര്‍ക്കുലര്‍; പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സസ്‌പെന്‍ഷനിലുള്ള 141 എം.പിമാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ലോക്‌സഭ സെക്രട്ടേറിയേറ്റിന്റെ സര്‍ക്കുലര്‍. എം.പിമാര്‍ പാര്‍ലമെന്റ് ചേംബര്‍, ലോബി, ഗാലറി എന്നിവിടങ്ങളില്‍ പ്രവേശിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

ഇരുസഭകളിലും നിന്നായി 141 എം.പിമാരാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ടത്. ലോക്സഭയിലുണ്ടായ സുരക്ഷാ വീഴ്ച സംബന്ധിച്ചുള്ള പ്രതിഷേധങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്തത്.

543 അംഗ ലോക്സഭയില്‍ പ്രതിപക്ഷത്ത് 199 എം.പിമാരാണുള്ളത്. ഇതില്‍ 95 പേരെ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സസ്പെന്‍ഡ് ചെയ്തിരുന്നു.

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം.പിമാര്‍ ലോബിയിലോ ഗ്യാലറികളിലോ പ്രവേശിക്കാന്‍ പാടില്ല. ഇവര്‍ സമര്‍പ്പിച്ച നോട്ടീസുകള്‍ സസ്പെന്‍ഷന്‍ കാലയളവില്‍ സ്വീകാര്യമല്ല. പാര്‍ലമെന്ററി കമ്മിറ്റികളില്‍ അംഗമാണെങ്കില്‍ കമ്മിറ്റി സിറ്റിങ്ങുകളിലും സസ്‌പെന്‍ഷന്‍ ബാധകമാണ്.

സസ്‌പെന്‍ഡ് ചെയ്തതിനാല്‍ സസ്‌പെന്‍ഷന്‍ കാലയളവില്‍ പ്രതിദിന അലവന്‍സിന് അര്‍ഹതയില്ല. മാത്രമല്ല സസ്പെന്‍ഷന്‍ കാലയളവില്‍ നടക്കുന്ന കമ്മിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കഴിയില്ല, എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

ബി.ജെ.പി എം.പിയുടെ പാസ് ഉപയോഗിച്ച് പാര്‍ലമെന്റില്‍ പ്രതിഷേധക്കാര്‍ എത്തിയ സംഭവത്തില്‍ കേന്ദ്രമന്ത്രി അമിത് ഷാ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം പ്രതിഷേധിച്ചത്.

അതേസമയം എം.പിമാരെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ പാര്‍ലമെന്റിലെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം, പാര്‍ലമെന്റ് അതിക്രമത്തിലെ സുരക്ഷ വീഴ്ച ആഭ്യന്തര മന്ത്രി അമിത് ഷാ വിശദീകരിക്കണം എന്നീ ആവശ്യങ്ങള്‍ ഇരുസഭകളിലും പ്രതിപക്ഷം ആവര്‍ത്തിക്കും. സസ്‌പെന്‍ഷനിലുള്ള 142 എം.പിമാര്‍ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലാകും പ്രതിഷേധിക്കുക.

ഇന്ത്യ മുന്നണി നേതാക്കള്‍ രാവിലെ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് പ്രതിഷേധ രീതികള്‍ തീരുമാനിക്കും.

എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തതിനെതിരെ ഡിസംബര്‍ 22 ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞിട്ടുണ്ട്.

ഇതിനിടെ പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച ഐ.പി.സിയും സി.ആര്‍.പി.സിയും ഇന്ത്യന്‍ തെളിവ് നിയമവും പരിഷ്‌ക്കാനുള്ള ബില്ലുകളില്‍ ലോക്‌സഭയില്‍ ഇന്നും ചര്‍ച്ച തുടരും.

ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സംഹിതാ, ഭാരതീയ സാക്ഷ്യ ബില്ലുകളാണ് അമിത് ഷാ വീണ്ടും ലോക്സഭയുടെ പരിഗണനയ്ക്കുവെച്ചത്. നേരത്തെ മണ്‍സൂണ്‍ സെഷനില്‍ അമിത് ഷാ ഈ ബില്ലുകള്‍ അവതരിപ്പിച്ചിരുന്നു.

അന്ന ഈ ബില്ലുകള്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് അയച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പാര്‍ലമെന്റ് ഉപസമിതി നിയമങ്ങള്‍ പരിശോധിച്ച് ചില തിരുത്തലുകള്‍ ആവശ്യപ്പെട്ടിരുന്നു. ഈ തിരുത്തലുകള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ബില്‍ വീണ്ടും അമിത് ഷാ അവതരിപ്പിച്ചത്. ബില്ലിന്‍മേല്‍ ഇന്നും ചര്‍ച്ച തുടരും.

അതേസമയം എം.പമാരെ വ്യാപകമായി സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ കടുത്ത വിമര്‍ശനമാണ് വിവിധ നേതാക്കള്‍ ഉയര്‍ത്തുന്നത്. ലോക്സഭയിലെ 141 പ്രതിപക്ഷാംഗങ്ങളെ സസ്പെന്‍ഡ് ചെയ്തതിനുപിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനും പരിഹാസവുമായി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

സഭയിലെ മൂന്നില്‍രണ്ട് പ്രതിപക്ഷനേതാക്കളെ സസ്പെന്‍ഡ് ചെയ്യാനായിരുന്നു ഉദ്ദേശമെങ്കില്‍ കോടിക്കണക്കിന് രൂപ ചെലവാക്കി പുതിയ പാര്‍ലമെന്റ് മന്ദിരം പണിയേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പരിഹസിച്ചു. ഡിംപിള്‍ യാദവ്, എസ്.ടി ഹസന്‍ എന്നിവര്‍ക്ക് സസ്പെന്‍ഷന്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അഖിലേഷിന്റെ പ്രതികരണം.

അദാനി ഓഹരി ഉടമകളുടെ അടുത്ത വാര്‍ഷിക യോഗം ലോക്സഭ ചേംബറില്‍ നടക്കുമെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തത്.

പ്രതിപക്ഷമില്ലാത്ത പാര്‍ലമെന്റ് എന്തിനാണെന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സി.പി.ഐ രാജ്യസഭ എം.പി ബിനോയ് വിശ്വം ചോദിച്ചു. ഇന്ത്യക്ക് ജനാധിപത്യം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ബില്ലുകള്‍ ചര്‍ച്ച കൂടാതെ പാസാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് ശശി തരൂരും കുറ്റപ്പെടുത്തി. പാര്‍ലമെന്റില്‍ അതിക്രമിച്ച് കയറാന്‍ അവസരമൊരുക്കിയ ബി.ജെ.പി നേതാവ് എം.പിയായി തുടരുകയാണെന്നും പ്രതികരിച്ചവര്‍ പുറത്തായെന്നും ജയ്‌റാം രമേശ് പറഞ്ഞു.

Opposition leaders stage protest over suspension of MPs in Parliament

We use cookies to give you the best possible experience. Learn more