ന്യൂദല്‍ഹി: മോദിയ്‌ക്കെതിരെ പോസ്റ്റര്‍ പതിപ്പിച്ച 12 പേരെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. തങ്ങളെയും അറസ്റ്റ് ചെയ്യുവെന്ന് ട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്.
‘എന്നെയും അറസ്റ്റ് ചെയ്യൂ’ എന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
പിന്നാലെ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയും രംഗത്തെത്തിയിരുന്നു. മോദിയെ വെല്ലുവിളിക്കുന്നു, ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യുവെന്നാണ് പവന്‍ ഖേര പറഞ്ഞത്.
‘പ്രധാനമന്ത്രിയോട് വാക്‌സിനെപ്പറ്റി ചോദ്യം ചോദിച്ചാല്‍ അറസ്റ്റ് ചെയ്യുമെങ്കില്‍ എന്നെയും അറസ്റ്റ് ചെയ്യൂ. ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുകയാണ് മിസ്റ്റര്‍ പ്രധാനമന്ത്രി’, എന്നായിരുന്നു പവന്‍ ഖേര പറഞ്ഞത്.
BREAKING: Congress leader Pawan Khera in a press conference dares the govt to arrest him for asking questions of PM regarding the vaccines. pic.twitter.com/OhyPhJeqIz
നേരത്തെ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജും സമാന അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. ചോദ്യം ചോദിച്ചാല്‍ അറസ്റ്റ് ചെയ്യുമെങ്കില്‍, തന്നെയും അറസ്റ്റ് ചെയ്യുവെന്നായിരുന്നു പ്രകാശ് രാജ് പറഞ്ഞത്.
തൃണമൂല്‍ എം.പി മഹുവ മൊയ്ത്രയും സംഭവത്തില്‍ മോദിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കൃത്യമായ ചോദ്യം ചോദിച്ചവരെ ജയിലടയ്ക്കുന്നുവെന്നാണ് മഹുവ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം.
‘പ്രധാനമന്ത്രി മോദിയ്‌ക്കെതിരെ പോസ്റ്റര്‍ പതിപ്പിച്ചതിന് 12 പേര്‍ അറസ്റ്റില്‍. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ വാക്‌സിന്‍ എന്തിന് വിദേശത്തേക്ക് അയച്ചു മോദിജി എന്നു ചോദിച്ചതിനാണ്. തികച്ചും ന്യായമായ ചോദ്യം,’ എന്നായിരുന്നു മഹുവയുടെ ട്വീറ്റ്.
മോദിക്കെതിരെ പോസ്റ്റര്‍ പതിച്ചതിനാണ് 12 പേരെ ദല്‍ഹി പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്.
കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ മോദി പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള പോസ്റ്റര്‍ പതിച്ചതിനാണ് അറസ്റ്റ് എന്നാണ് റിപ്പോര്‍ട്ട്. പതിമൂന്നിലധികം എഫ്.ഐ.ആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോദിക്കെതിരെ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. ഞങ്ങളുടെ കുട്ടികള്‍ക്കുള്ള വാക്സിന്‍ എന്തിനാണ് മോദി ജീ നിങ്ങള്‍ വിദേശത്തേക്ക് അയച്ചത് എന്നിങ്ങനെയാണ് പോസ്റ്ററില്‍ എഴുതിയിട്ടുള്ളത്. 800 ഓളം പോസ്റ്ററുകളും ബാനറുകളും പൊലീസ് പിടിച്ചെടുത്തു.
രാജ്യം കടുത്ത വാക്സിന്‍ ക്ഷാമം നേരിടുന്നതിനിടെ വിദേശത്തേക്ക് വാക്സിന്‍ കയറ്റി അയച്ച് കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു.
ആഭ്യന്തരമായി 10 കോടി വാക്‌സിന്‍ നല്‍കിയപ്പോള്‍ 6.45 കോടി ഡോസാണ് കയറ്റുമതി ചെയ്തത്. മഹാരാഷ്ട്ര, ആന്ധ്ര, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ കടുത്ത വാക്സിന്‍ ക്ഷാമം നേരിടുമ്പോഴായിരുന്നു കേന്ദ്രം വാക്സിന്‍ വിദേശത്തേക്ക് കയറ്റിയയച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക