ന്യൂദല്‍ഹി: ഇലക്ട്രല്‍ ബോണ്ട് കേസില്‍ സുപ്രീം കോടതിയുടെ വിധിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷം. ഇലക്ട്രല്‍ ബോണ്ടിനെ ആദ്യം മുതലേ കോണ്‍ഗ്രസ് എതിര്‍ത്തിരുന്നുവെന്നും ബോണ്ടിന്റെ 95 ശതമാനം പണവും ബി.ജെ.പിയിലേക്കാണ് പോയതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
ഇലക്ട്രല്‍ ബോണ്ട് സ്‌കീമില്‍ സുപ്രീം കോടതിയുടെ വിധി സ്വാഗതാര്‍ഹമാണ് എന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സുപ്രീം കോടതി ബെഞ്ച് ഏകകണ്ഠമായി പുറപ്പെടുവിച്ച വിധി പ്രസ്താവത്തില്‍ സി.പി.ഐ.എമ്മിന്റെ വാദം ശരിവെച്ചതില്‍ സന്തോഷമുണ്ടെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
മോദിയുടെ മുതലാളിത്ത സഹകരണ പദ്ധതിക്കുള്ള തിരിച്ചടിയാണ് സുപ്രീം കോടതിയുടെ വിധിയെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു.
നോട്ടിന് മേലുള്ള വോട്ടിന്റെ ശക്തിയെ സുപ്രീം കോടതിയുടെ ഈ വിധി ശക്തിപ്പെടുത്തുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. എന്‍.ഡി.എ സര്‍ക്കാരിന്റെ കൊട്ടിഘോഷിക്കപ്പെട്ട ഇലക്ട്രല്‍ ബോണ്ട് പദ്ധതി, പാര്‍ലമെന്റും ഇന്ത്യന്‍ ഭരണഘടനയും പാസാക്കിയ രണ്ട് നിയമങ്ങളുടെ ലംഘനമാണെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.
നരേന്ദ്രമോദിയുടെ അഴിമതി നയങ്ങളുടെ മറ്റൊരു തെളിവ് നിങ്ങളുടെ മുന്നിലുണ്ട്. കൈക്കൂലിയും കമ്മീഷനും വാങ്ങുന്നതിനുള്ള മാധ്യമമായി ബി.ജെ.പി ഇലക്ട്രല്‍ ബോണ്ടുകളെ മാറ്റി. ഇന്ന് ഈ കാര്യം അംഗീകരിചക്കപ്പെട്ടിരിക്കുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എക്‌സില്‍ പോസ്റ്റ് ചെയ്തു.
സുപ്രീം കോടതി വിധിയെ പ്രഥമ ദൃഷ്ടിയാല്‍ സ്വാഗതം ചെയ്യുന്നുവെന്നും ബോണ്ട് വഴിയുള്ള പണം ബി.ജെ.പിയുടെ അക്കൗണ്ടിലേക്കാണ് പോയതെന്നും സി.പി.ഐ നേതാവും സി.പി.ഐ സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് ബിശ്വം ചൂണ്ടിക്കാട്ടി.
ഇതൊരു വലിയ വിധിയാണെന്ന് ശിവസേന നേതാവ് ആനന്ദ് ദുബെ പ്രതികരിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സര്‍ക്കാരിനും ലഭിക്കുന്ന ഫണ്ട് ഇലക്ടറല്‍ ബോണ്ട് പദ്ധതിയുടെ കീഴില്‍ പലരും മറച്ചു വെച്ചിരിക്കുകയാണെന്നും എന്നാല്‍ ഇന്ന് മുതല്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് എല്ലാം പറയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ച് വര്‍ഷത്തിനിടെ സുപ്രീം കോടതിയില്‍ നിന്ന് ലഭിച്ച ഏറ്റവും ചരിത്രപരമായ വിധിയാണ് ഇതെന്ന് മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ എസ്.വൈ. ഖുറൈഷി പറഞ്ഞു. ‘ജനാധിപത്യത്തിന് അത് വലിയ അനുഗ്രഹമാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നാമെല്ലാവരും അതിനെക്കുറിച്ച് ആശങ്കാകുലരായിരുന്നു. ജനാധിപത്യത്തെ സ്‌നേഹിക്കുന്ന എല്ലാവരും ഏതാനും വിധികള്‍ക്കെതിരെ പ്രതിഷേധിക്കുകയായിരുന്നു,’ അദ്ദേഹം പറഞ്ഞു.
Content Highlight: Opposition leaders react to Supreme Court’s electoral bond verdict