കെജ്‌രിവാളിന്റെ അറസ്റ്റ്; ഏകാധിപതി ജനാധിപത്യത്തെ കൊല്ലുന്നുവെന്ന് രാഹുല്‍; ബി.ജെ.പി വന്‍ ജനരോഷത്തെ നേരിടാന്‍ തയ്യാറാവണമെന്ന് എം.കെ. സ്റ്റാലിന്‍
national news
കെജ്‌രിവാളിന്റെ അറസ്റ്റ്; ഏകാധിപതി ജനാധിപത്യത്തെ കൊല്ലുന്നുവെന്ന് രാഹുല്‍; ബി.ജെ.പി വന്‍ ജനരോഷത്തെ നേരിടാന്‍ തയ്യാറാവണമെന്ന് എം.കെ. സ്റ്റാലിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st March 2024, 11:13 pm

ന്യൂദല്‍ഹി: അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാക്കള്‍. ഒരു ഏകാധിപതി ജനാധിപത്യത്തെ കൊല്ലുന്നുവെന്ന് അറസ്റ്റില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

വിയോജിപ്പുകളെ അടിച്ചമര്‍ത്താനും ഇന്ത്യയിലെ ജനാധിപത്യം നശിപ്പിക്കാനും ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ സ്വേച്ഛാധിപത്യ തന്ത്രങ്ങള്‍ അവലംബിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. ഇ.ഡിയുടെ നീക്കത്തെ ഇന്ത്യാ സഖ്യം ശക്തമായി പ്രതിരോധിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി കെജ്‌രിവാളിനെ ലക്ഷ്യം വെച്ചത് തികച്ചും തെറ്റും ഭരണഘടനാ വിരുദ്ധവുമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അറസ്റ്റില്‍ പ്രതികരിച്ചു. ഇത്തരത്തില്‍ രാഷ്ട്രീയം താഴ്ത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനും ചേരുന്നതല്ലെന്നും പ്രിയങ്ക പറഞ്ഞു.

ദല്‍ഹി മുഖ്യമന്ത്രിയുടെ അറസ്റ്റില്‍ പ്രതികരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും രംഗത്തെത്തി. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ വന്‍ ജനരോഷത്തെ നേരിടാന്‍ തയ്യാറായിരിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി.

പ്രതിപക്ഷത്തെ ലക്ഷ്യമിടാന്‍ ബി.ജെ.പി കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ശരത് പവാര്‍ പ്രതികരിച്ചു.

കെജ്‌രിവാളിന്റെ അറസ്റ്റ് പുതിയ ജനകീയ വിപ്ലവത്തിന് ജന്മം നല്‍കുമെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും വ്യക്തമാക്കി. ബി.ജെ.പിയുടെ ഭയം കൊണ്ടാണ് തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് പ്രതിപക്ഷ നേതാക്കളെ ഏതു വിധേനയും പൊതുജനങ്ങളില്‍ നിന്ന് അകറ്റാന്‍ ശ്രമിക്കുന്നതെന്ന് അഖിലേഷ് ചൂണ്ടിക്കാട്ടി.

‘ഇത് സമ്പൂര്‍ണ ഫാസിസമാണ്. ബി.ജെ.പി നിയമത്തെ ആയുധമാക്കി. ഇന്ത്യയിലെ പൗരന്മാര്‍ നമ്മുടെ രാജ്യത്തെ രക്ഷിക്കുമോ?,’ കാര്‍ത്തി ചിന്ദംബരം എക്സില്‍ കുറിച്ചു.

കെജ്‌രിവാളിന്റെ അറസ്റ്റ് ബി.ജെ.പി സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരവും രാഷ്ട്രീയ പ്രേരിതമാണെന്നും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ശരത് പവാര്‍ പക്ഷം നേതാവ് സുപ്രിയ സുലെ പറഞ്ഞു.

ഇന്ത്യയില്‍ സ്വേച്ഛാധിപത്യം നടപ്പാക്കാനാണ് ബി.ജെ.പി ഒരുങ്ങുന്നതെന്ന് രാജ്യസഭാ എം.പിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം) നേതാവുമായ മഹുവ മാജി പറഞ്ഞു. അറസ്റ്റ് ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുനാല്‍ ഘോഷും ചൂണ്ടിക്കാട്ടി.

അതേസമയം, അറസ്റ്റ് സ്വാഭാവികമാണെന്നും മദ്യ അഴിമതിക്കേസിന്റെ അവസാന ചരട് അരവിന്ദ് കെജ്‌രിവാളില്‍ എത്തേണ്ടതാണെന്നും പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷ സുകനത മജുമാദര്‍ പറഞ്ഞു.

ജനാധിപത്യ വ്യവസ്ഥയെ ഭയപ്പെടുന്നവരുടെ ഭീരുത്വത്തിന്റെ ഭാഗമാണ് അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.

Content Highlight: Opposition leaders react to Arvind Kejriwal’s arrest