18ാമത് ലോക്‌സഭയുടെ ആദ്യ സമ്മേളനം: ഭരണഘടന ഉയർത്തി ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധം
national news
18ാമത് ലോക്‌സഭയുടെ ആദ്യ സമ്മേളനം: ഭരണഘടന ഉയർത്തി ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th June 2024, 2:23 pm

ന്യൂദൽഹി: 18ാമത് ലോക്സഭയുടെ ആദ്യസമ്മേളനം നടക്കവേ പാർലമെന്റിന് പുറത്തു പ്രതിഷേധവുമായി ഇന്ത്യാ സഖ്യം. സഭാ നടപടികള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് പാര്‍ലമെന്റ് വളപ്പില്‍ ഒത്തുചേര്‍ന്ന ഇന്ത്യാ സഖ്യ നേതാക്കള്‍ പ്രതിഷേധം നടത്തിയത്. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരും മറ്റു നേതാക്കളും പാർലമെന്റിന് പുറത്തു പ്രതിഷേധിച്ചു.

അഖിലേഷ് യാദവ്, ഡിംപിൾ യാദവ് എന്നിവരും സമാജ് വാദി പാർട്ടിയുടെ നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തി. ലോക്സഭയുടെ പ്രോടേം സ്പീക്കറായി ബി.ജെ.പി എം.പി ഭര്‍തൃഹരി മഹ്താബിനെ നിയമിച്ചതിനുള്ള പ്രതിഷേധം നേതാക്കൾ രേഖപ്പെടുത്തി.

എട്ട് തവണ കോൺഗ്രസ് എം.പിയായ കൊടിക്കുന്നില്‍ സുരേഷിന് പകരം ഭര്‍തൃഹരി മഹ്താബിനെ നിയമിച്ചതിനാണ് പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തിയത്.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.പിമാർക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കാൻ രാഷ്ട്രപതിയെ സഹായിക്കുന്നതിൽ നിന്നും പ്രതിപക്ഷ നേതാക്കളിൽ ചിലർ വിട്ടു നിന്നു.

Also Read: രംഗയെ പോലൊരു ഫീമെയിൽ ഓറിയന്റഡ് ചിത്രമൊന്നും പലർക്കും ചിന്തിക്കാൻ കഴിയില്ല: ചിന്നു ചാന്ദിനി

ഗാന്ധിജിയുടെയും അംബേദ്കറുടെയും പ്രതിമകൾ മാറ്റി സ്ഥാപിച്ചതിനെതിരെ മുദ്രാവാക്യങ്ങൾ ഉയർത്തിയും പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചു. ഭരണഘടനയെ തകർക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കില്ല എന്നായിരുന്നു മുദ്രാവാക്യം.

അതേസമയം വൈകീട്ട് നാല് മണിയോടെയാകും കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ സത്യപ്രതിജ്ഞ. പ്രോടേം സ്പീക്കര്‍ പദവിയില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയതിനാല്‍ രാഷ്ട്രപതിയെ സഹായിക്കുന്ന പാനലില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ഇന്ത്യാ സഖ്യം തീരുമാനിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

Content Highlight: opposition leaders protest in parliament