കൊച്ചി: ഏകീകൃത സിവില്‍ കോഡിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ മാറ്റുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനം. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് പ്രധാനമന്ത്രി ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
പ്രധാനമന്ത്രി ആദ്യം രാജ്യത്തെ ദാരിദ്ര്യം, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയെക്കുറിച്ചാണ് പ്രതികരിക്കേണ്ടതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. ‘ മണിപ്പൂരിനെ കുറിച്ച് മോദി ഒരക്ഷരം പോലും മിണ്ടുന്നില്ല. കഴിഞ്ഞ 60 ദിവസത്തോളമായി ഒരു സംസ്ഥാനമാകെ നിന്ന് കത്തുകയാണ്. ഈ വിഷയങ്ങളില്‍ നിന്നെല്ലാം ജനശ്രദ്ധ മാറ്റിനിര്‍ത്തുകയാണ് മോദി,’ വേണുഗോപാല്‍ പറഞ്ഞു.
പ്രധാനമന്ത്രി ധ്രുവീകരണ രാഷ്ട്രീയം പ്രയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് താരിഖ് അന്‍വറും വിമര്‍ശിച്ചു. ‘ഏതെങ്കിലും നിയമം ഉണ്ടാക്കുമ്പോള്‍ അത് എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. അവര്‍ അത് പാലിക്കേണ്ടതുണ്ട്.
അപ്പോള്‍ പാസാക്കിയ ആ ബില്‍ ചര്‍ച്ച ചെയ്യേണ്ടതിന്റെ ആവശ്യകത എന്താണ്? മധ്യപ്രദേശ് തെരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാലും രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യാത്തതിനാലുമാണ് പ്രധാനമന്ത്രി മോദി അങ്ങനെ ചെയ്യുന്നത്.
അതിനാല്‍ മുത്തലാഖ്, ഏകീകൃത സിവില്‍ കോഡ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അവര്‍ ഇനിയും സംസാരിക്കും,’ താരിഖ് അന്‍വര്‍ എ.എന്‍.ഐയോട് പറഞ്ഞു.
ഏകീകൃത സിവില്‍ കോഡ് ആദ്യം ഹിന്ദു മതത്തില്‍ കൊണ്ടുവരണമെന്ന് ഡി.എം.കെ നേതാവ് ടി.കെ.എസ് ഇളങ്കോവന്‍ പറഞ്ഞു. ‘രാജ്യത്തെ ഏത് ക്ഷേത്രത്തിലും എസ്.സി/എസ്.ടി ഉള്‍പ്പെടെയുള്ള എല്ലാവരെയും പൂജ ചെയ്യാന്‍ അനുവദിക്കണം.
ഭരണഘടന എല്ലാ മതങ്ങള്‍ക്കും സംരക്ഷണം നല്‍കിയതുകൊണ്ട് മാത്രം ഞങ്ങള്‍ക്ക് ഏകീകൃത സിവില്‍ കോഡ് ആവശ്യമില്ല. ഇത് ഒരു സര്‍ക്കാര്‍ ചെയ്യാന്‍ പാടില്ലാത്ത മൗലികാവകാശങ്ങളുടെ ലംഘനമാണ്,’ ഇളങ്കോവന്‍ പറഞ്ഞു.
അതേസമയം, ഏകീകൃത സിവില്‍ കോഡിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സിവില്‍ കോഡ് ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളതാണെന്നുമാണ് മോദി പറഞ്ഞത്.
‘ഭയം കൊണ്ടാണ് പ്രതിപക്ഷം ഒന്നിക്കുന്നതെന്നും അഴിമതിക്കെതിരായ നടപടിയില്‍ നിന്ന് രക്ഷപ്പെടാനാണ് പ്രതിപക്ഷ നേതാക്കളുടെ ശ്രമം എന്നും മോദി കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം ഏക വ്യക്തി നിയമം നടപ്പാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുള്ളതാണ്. ഒരു കുടുംബത്തിലെ ഓരോരുത്തര്‍ക്കും വ്യത്യസ്ത നിയമം ശരിയാണോ,’ മോദി ചോദിച്ചു.
കൂടാതെ മുത്തലാഖ് മൂലം കുടുംബങ്ങള്‍ ദുരിതത്തിലാകുന്നു. ഇസ്ലാമിക രാജ്യങ്ങള്‍ പോലും മുത്തലാഖിന് എതിരാണ്. മുസ്‌ലിം സ്ത്രീകള്‍ തനിക്കൊപ്പമാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. തെറ്റിദ്ധരിപ്പിക്കുന്നതും ഭിന്നിപ്പുണ്ടാക്കുന്നതും ആരാണെന്ന് മുസ്ലിം സമുദായം തിരിച്ചറിയണം.
പ്രതിപക്ഷം വോട്ട് ബാങ്കിന് വേണ്ടി മുസ്ലിം സ്ത്രീകളോട് അനീതി കാണിക്കുകയാണ്. എല്ലാവരുടെയും വികസനമാണ് ബി.ജെ.പി സര്‍ക്കാരിന്റെ നയം,’ മോദി പറഞ്ഞു.