| Tuesday, 31st October 2023, 2:41 pm

രാഹുല്‍ ഗാന്ധി, ശശിതരൂര്‍, രാഘവ് ഛദ്ദ: പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തല്‍ ശ്രമം സ്ഥിരീകരിച്ച് ആപ്പിള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യാമുന്നണിയില്‍ നിന്നുള്ള അഞ്ചോളം പ്രതിപക്ഷ നേതാക്കള്‍ക്ക് ഫോണ്‍ ചോര്‍ത്തല്‍ മുന്നറിയിപ്പുമായി ആപ്പിള്‍. സ്റ്റേറ്റ് സ്പോണ്‍സേര്‍ഡ് അക്രമകാരികള്‍ നേതാക്കളുടെ ഐഡി ചോര്‍ത്താന്‍ ശ്രമിക്കുന്നതായാണ് ഇമെയിലിലൂടെ ആപ്പിള്‍ മുന്നറിയിപ്പ് നല്‍കിയത്.

കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂര്‍, പവന്‍ ഖേര,ശിവസന നേതാവ് പ്രിയങ്ക ചതുര്‍വേദി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര, ആം ആദ്മി നേതാവ് രാഘവ് ഛദ്ദ, രാഹുല്‍ ഗാന്ധിയുടെ നാല് പേഴ്സണല്‍ സ്റ്റാഫ് എന്നിവര്‍ക്കെല്ലാം ആപ്പിളിന്റെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇവരെ കൂടാതെ ദി വയറിന്റെ സ്ഥാപക എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജനും ഒബ്സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സമീര്‍ ശരണിനും ഇമെയില്‍ ലഭിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി 11.30 നും ചൊവ്വാഴ്ച്ച പുലര്‍ച്ചെ 12.15 നുമിടയിലാണ് ഇമെയില്‍ സന്ദേശം ലഭിച്ചതെന്ന് തരൂര്‍, ഖേര, വരദരാജന്‍ എന്നിവര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് താന്‍ ഇമെയില്‍ കണ്ടതെന്ന് തരൂര്‍ പറഞ്ഞു. ആപ്പിള്‍ വെബ്സൈറ്റിലെ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ ചുവന്ന നിറത്തില്‍ സുരക്ഷാ വീഴ്ച്ചക്ക് സാധ്യതയുണ്ടെന്ന് എഴുതി കാണിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നികുതി പണം ഇത്തരം പ്രവര്‍ത്തികള്‍ക്ക് ഉപയോഗിക്കുന്നത് നാണക്കേടാണ്. സത്യത്തില്‍ പ്രതിപക്ഷ നേതാക്കളെക്കാള്‍ രാജ്യ സുരക്ഷക്കാണ് ഭീഷണി,’ തരൂര്‍ പറഞ്ഞു.

ഇതിന് പിന്നില്‍ ഇന്ത്യന്‍ സര്‍ക്കാറാണെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും മറ്റേതെങ്കിലും സര്‍ക്കാറാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തനിയ്ക്ക് 11.47 ന് ആപ്പിളില്‍ നിന്ന് ടെക്സ്റ്റ് മെസേജ് ലഭിച്ചതെങ്കിലും താന്‍ ചെവ്വാഴ്ചയാണ് കണ്ടതെന്നും ഇമെയില്‍ സന്ദേശം വന്നോ എന്ന് പരിശോധിച്ചിട്ടില്ലെന്നും ഖേര പറഞ്ഞു.

ഞങ്ങള്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പും കൂടുതല്‍ സുരക്ഷക്കായി 24*7 ഹെല്‍പ്പ് ലൈന്‍ വെബ് സൈറ്റുമായി ബന്ധപ്പെടാനും അറിയിച്ച് കൊണ്ട് ഇമെയില്‍ വന്നതായി ചതുര്‍വേദി പറഞ്ഞു. ഇത് വളരെ ഗൗരവമേറിയ വിഷയമാണെന്നും നിസ്സാരമായി കാണേണ്ടതല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സൈബര്‍ വിദഗ്ദ്ധരുമായി സംസാരിച്ചിരുന്നു. രാജ്യത്ത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് അക്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനാല്‍ ഇത് പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും ഐ.ടി മന്ത്രിക്കും കത്തെഴുതുമെന്ന് അവര്‍ പറഞ്ഞു.

സുപ്രീം കോടതി നിര്‍ദേശിച്ച വിദഗ്ദ്ധരുടെ സമിതി വിശകലനം ചെയ്ത 29 ഫോണുകളില്‍ പെഗാസസ് വൈറസ് സാന്നിധ്യമുണ്ടെന്ന് ഭാഗികമായി കണ്ടെത്തി ഒരു വര്‍ഷത്തിന് ശേഷമാണ് ആപ്പിളില്‍ നിന്ന് ഇത്തരം അലര്‍ട്ടുകള്‍ വരുന്നത്. നിയമവിരുദ്ധമായ നിരീഷണത്തില്‍ നിന്നും സൈബര്‍ ആക്രമണത്തില്‍ നിന്നും പൗരന്‍മാരെ സംരക്ഷിക്കാനുള്ള നിയമനടപടികള്‍ ശുപാര്‍ശ ചെയ്യുമ്പോള്‍ സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് സമിതി പറഞ്ഞിരുന്നു.

പെഗാസസ് മാല്‍വയറസ് ആക്രമണത്തിന് തെരഞ്ഞെടുത്ത 50000 പേരില്‍ ഇന്ത്യന്‍ മന്ത്രിമാരും രാഷ്ട്രീയ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും വ്യവസായികളും ഉള്‍പ്പെടുന്നുണ്ടെന്ന് ഇന്‍വസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റിന്റെ കണ്‍സോഷ്യം പറഞ്ഞിരുന്നു.
ണൃശലേ ീേ അിഷമിമ ഞമ്ശ

Content Highlight: Opposition leaders among Apple phone users warned possible Iphone hacking

We use cookies to give you the best possible experience. Learn more