സി.എ.എ വിജ്ഞാപനത്തില്‍ കോടതിയെ സമീപിക്കുമെന്ന് ലീഗ്, ഇലക്ടറല്‍ ബോണ്ട് കേസിലേറ്റ തിരിച്ചടി മറച്ചുപിടിക്കാനുള്ള ബി.ജെ.പിയുടെ ശ്രമമെന്ന് കോൺഗ്രസ്
national news
സി.എ.എ വിജ്ഞാപനത്തില്‍ കോടതിയെ സമീപിക്കുമെന്ന് ലീഗ്, ഇലക്ടറല്‍ ബോണ്ട് കേസിലേറ്റ തിരിച്ചടി മറച്ചുപിടിക്കാനുള്ള ബി.ജെ.പിയുടെ ശ്രമമെന്ന് കോൺഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th March 2024, 7:21 pm

തിരുവനന്തപുരം: പൗരത്വ നിയമ വിജ്ഞാപനത്തില്‍ സ്റ്റേ ആവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗ്. ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി പ്രതിഷേധത്തിന്റെ രൂപം തീരുമാനിക്കുമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു.

സി.എ.എ നടപ്പിലാക്കുന്നത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടി. തീരുമാനവുമായി മുന്നോട്ട് പോവുകയാണെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ നടത്തുമെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.

വിജ്ഞാപനത്തില്‍ പ്രതികരിച്ച് കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. സി.എ.എയുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് ഫയൽ ചെയ്ത കേസ് ഇപ്പോഴും കോടതിയിൽ നിലനിൽക്കുന്നുണ്ടെന്നും കേന്ദ്രത്തിന്റെ നിലപാടിനെതിരെ ഇനിയും നിയമനടപടി സ്വീകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ജാതിമത അടിസ്ഥാനത്തിലുള്ള പൗരത്വത്തെ ലോകം അംഗീകരിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ബി.ജെ.പിയ്ക്ക് ഭയം വര്‍ധിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഒമ്പത് തവണ മാറ്റിവെച്ച വിജ്ഞാപനം തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ പുറത്തിറക്കിയത് സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണം നടത്താന്‍ ആണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ ഏറ്റ തിരിച്ചടി മറച്ചുപിടിക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേത്യത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിനെ താഴെയിറക്കി സി.എ.എ നിയമ ബില്‍ അറബിക്കടലില്‍ എറിയുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയിലൂടെ രാജ്യത്തെ ഒരു വിഭാഗം ജനങ്ങളെ പുറത്താക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എളമരം കരീം എം.പി പറഞ്ഞു.

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്ന നിര്‍ണായക നീക്കമാണിത്. 2019ല്‍ പാസാക്കിയ സി.എ.എ ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി വിട്ടെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് നിയമവുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് സാധിച്ചിരുന്നില്ല.

Content Highlight: Opposition Leaders Against CAA implimentation