|

ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടാത്ത ദുരന്തം; വയനാട് പുനരധിവാസം ഒറ്റക്കെട്ടായി കൈകാര്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടാത്ത ദുരന്തമാണ് വയനാട്ടില്‍ ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ദുരന്തത്തിന്റെ വ്യാപ്തി എത്രമാത്രമാണെന്ന് ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും പുനരധിവാസത്തിനും പ്രതിപക്ഷം പൂര്‍ണ പിന്തുണയാണ് നല്‍കിയതെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

തെറ്റുകുറ്റങ്ങളെ പെരുപ്പിച്ച് കാണിച്ച് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാക്കുന്ന ഒരു പ്രവൃത്തിയും പ്രതിപക്ഷത്ത് നിന്ന് ഉണ്ടായില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു. വയനാട് ടൗണ്‍ഷിപ്പിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരുമിച്ച് നിന്നാണ് വയനാട് ദുരന്തവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, കല്‍പ്പറ്റ എം.എല്‍.എയായ ടി. സിദ്ദിഖ് ഇക്കാര്യം സഭയില്‍ കൊണ്ടുവന്നുവെന്നും പറഞ്ഞു.

ഇന്ന് വാടകവീടുകളില്‍ താമസിക്കുന്ന ദുരന്തബാധിതരുടെ സ്ഥിതിഗതികള്‍ കൂടുതലായി വിലയിരുത്തേണ്ടതുണ്ട്. അപകടത്തില്‍ പരിക്കേറ്റവര്‍ അവരുടെ ചികിത്സ നടത്തേണ്ടത് മറ്റുള്ളവരുടെ കൈയില്‍ നിന്ന് കടം വാങ്ങിയല്ല. ഇതിന് പരിഹാരം കാണണമെന്നും ഉടന്‍ നടപടിയുണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ദുരന്തബാധിതര്‍ക്ക് ഫുഡ് കൂപ്പണുകള്‍ നല്‍കാനുള്ള തീരുമാനം നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദുരന്തത്തില്‍പ്പെട്ട ഓരോ കുടുംബങ്ങളുടെയും പ്രശ്‌നങ്ങള്‍ ഓരോന്നാണ്. അതുകൊണ്ട് തന്നെ ഈ കുടുംബങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി മൈക്രോ ഫാമിലി പാക്കേജ് നടപ്പിലാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നുവെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ദുരന്തബാധിതരുടെ ലിസ്റ്റ് തയ്യാറാക്കുന്നതില്‍ എല്ലാം നമുക്ക് ചില കാലതാമസം ഉണ്ടായിരുന്നു. എന്നാല്‍ ഇനിയുള്ള നടപടികളില്‍ ഇത്തരത്തില്‍ കാലതാമസം ഉണ്ടാകരുതെന്നും സമയബന്ധിതമായി ഈ പദ്ധതികള്‍ നടപ്പിലാക്കാന്‍ നമുക്ക് കഴിയണമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

വയനാട് മുന്‍ എം.പിയായ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച 100 വീടുകളും ടൗണ്‍ഷിപ്പിലുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ ഇടപെടലിലൂടെ കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ ദുരന്തബാധിതര്‍ക്ക് 100 വീടുകള്‍ വാഗ്ദാനം ചെയ്തതില്‍ സന്തോഷമുണ്ടെന്നും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധത്തിലുമുള്ള ആശംസകളും നേരുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.

Content Highlight: Opposition leader wants Wayanad rehabilitation to be handled collectively