തിരുവനന്തപുരം: ലക്ഷദ്വീപ് സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. സത്യത്തിന്റെ പക്ഷത്ത് നിന്ന് പോരാടുന്ന ഐഷയെ ഭയപ്പെടുത്താന്‍ നോക്കുന്നവര്‍ പരാജയപ്പെടുമെന്ന് ഒരു സംശയവും വേണ്ടന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
യാതൊരു ലജ്ജയുമില്ലാതെ ഒരു ജനതയുടെ മൗലികാവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്ന ഐഷയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ദുരുപയോഗം ചെയ്ത് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘കഴിഞ്ഞ ദിവസമാണ് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ വിനോദ് ദുവയുടെ പേരില്‍ പ്രധാന മന്ത്രിയെ വിമര്‍ശിച്ചതിന് രാജ്യദ്രോഹ കുറ്റം ചാര്‍ത്തിയ ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന്റെ എഫ്.ഐ.ആര്‍. സുപ്രീം കോടതി റദ്ദാക്കിയത്.
യാതൊരു ലജ്ജയുമില്ലാതെ ഒരു ജനതയുടെ മൗലികാവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്ന ഐഷയ്ക്കെതിരെ അതേനിയമം വീണ്ടും ദുരുപയോഗം ചെയ്ത് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. പക്ഷെ അവള്‍ തലകുനിക്കില്ല. ഐഷ ഒറ്റയ്ക്കല്ല. ലക്ഷദ്വീപിലെ പതിനായിരക്കണക്കിന് ജനങ്ങള്‍ ഒറ്റക്കെട്ടായി അവരുടെ പിന്നില്‍ ഉണ്ട്. കേരളത്തിലെ ലക്ഷോപലക്ഷം ജനാധിപത്യ വിശ്വാസികളും. ഐഷയ്ക്ക് ഐക്യദാര്‍ഢ്യം,’ വി.ഡി. സതീശന്‍ ഫേസ്ബുക്കില്‍ എഴുതി.
നേരത്തെ കെ.പി.സി.സി നിയുക്ത അധ്യക്ഷന്‍ കെ. സുധാകരനും ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.
ലക്ഷദ്വീപ് ജനതയുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന ബയോവെപ്പണ് തന്നെയാണ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ എന്നാണ് കെ. സുധാകരന്‍ പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അങ്ങേയറ്റം സമാധാനപൂര്‍ണ്ണമായ ജീവിതം നയിച്ചിരുന്ന ഒരു വിഭാഗത്തെ പിറന്ന മണ്ണില്‍ അപരവല്‍ക്കരിച്ച് ജനങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥയുണ്ടാക്കി ആര്‍.എസ്.എസ് അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്നും സുധാകരന്‍ പറഞ്ഞു.
അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ലക്ഷദ്വീപില്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയിരുന്നു. ദീര്‍ഘകാലമായി പണി പൂര്‍ത്തിയാകാത്ത കോട്ടേജുകളും റിസോര്‍ട്ടുകളുമാണ് പൊളിച്ചുമാറ്റുന്നത്. മറ്റന്നാളാണ് അഡ്മിനിസ്‌ട്രേറ്റര്‍ ദ്വീപ് സന്ദര്‍ശിക്കുന്നത്. 20ന് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്
അഗത്തിയില്‍ മാത്രം 25 കെട്ടിടങ്ങളാണ് ഇതുവരെ പൊളിച്ചുമാറ്റിയത്. ശൂചീകരണ പ്രവര്‍ത്തിയുടെ പേരുപറഞ്ഞാണ് നിര്‍മാണം മുടങ്ങിയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നത്. നേരത്തെ മത്സ്യ തൊഴിലാളികളുടെ ഷെഡുകളും സമാനരീതിയില്‍ പൊളിച്ചുമാറ്റിയിരുന്നു.