| Thursday, 6th October 2022, 1:26 pm

വലിയ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം പരിശോധന ശക്തമാക്കുന്ന രീതി മാറണം: വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ അടക്കം ഒമ്പത് പേരുടെ മരണത്തിന് ഇടയാക്കിയ വടക്കഞ്ചേരി ബസ് അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന കൂടുതല്‍ ശക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

വലിയ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം പരിശോധനകള്‍ ശക്തമാക്കുന്ന രീതിയില്‍ നിന്നും മാറി നിയമം കര്‍ശനമായി നടപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

‘അങ്ങേയറ്റം വേദനാജനകമായ വാര്‍ത്തയാണ് പുലര്‍ച്ചെ കേട്ടത്. ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണ് അപകടത്തിന് ഇടയാക്കിയത്. 97.2 കിലോമീറ്റര്‍ ആയിരുന്നു അപകട സമയത്ത് ബസിന്റെ വേഗത. വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയുള്ള നിയമം നിലനില്‍ക്കെ ഈ ബസിന് എങ്ങനെയാണ് അമിത വേഗമെടുക്കാന്‍ സാധിച്ചത്? മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന കൂടുതല്‍ ശക്തമാക്കണം.

വലിയ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം പരിശോധനകള്‍ ശക്തമാക്കുന്ന രീതിയില്‍ നിന്നും മാറി നിയമം കര്‍ശനമായി നടപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തയാറാകണം. അപകടം ഉണ്ടാക്കിയ ടൂറിസ്റ്റ് ബസിനെതിരെ നിയമ ലംഘനത്തിന് നേരത്തെയും കേസുകളുണ്ട്.

നിരോധിച്ച ലൈറ്റുകളും വലിയ ശബ്ദ വിന്യാസവും എയര്‍ ഹോണുകളുമൊക്കെയായി ടൂറിസ്റ്റ് ബസുകള്‍ നിരത്തുകളില്‍ ചീറി പായുകയാണ്. ഇനിയും ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ടത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിനോദ യാത്രകള്‍ നടക്കുന്ന സീസണ്‍ ആയതിനാല്‍ ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്നെസ് സംബന്ധിച്ച് കര്‍ശന പരിശോധനകള്‍ നടത്തണം. വിനോദ യാത്രയുടെ വിശദാംശങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കാന്‍ സ്‌കൂളുകളും ശ്രദ്ധിക്കണം. മോട്ടോര്‍ വാഹന വകുപ്പിന്റെ എല്ലാ പരിശോധകളും പൂര്‍ത്തിയായ വാഹനങ്ങളാണ് വിനോദ യാത്രയ്ക്ക് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണം’, വി.ഡി. സതീശന്‍ പറഞ്ഞു.

അതേസമയം, അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നതാണ് അപകട കാരണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജുവും പറഞ്ഞു. അമിത വേഗതയിലെത്തിയ ബസ് കാറിനെ മറികടക്കവേയാണ് അപകടം സംഭവിച്ചത്.

യാത്രയുടെ വിവരങ്ങള്‍ ഗതാഗത വകുപ്പിനെ മുന്‍കൂട്ടി അറിയിച്ചില്ലെന്നതിലൂടെ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്നും, അപകടത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്നലെ രാത്രി 12 മണിയോടെ വടക്കാഞ്ചേരി ദേശീയപാതയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടി.സി ബസിന്റെ പുറകിലിടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍ മരിച്ച ഒമ്പത് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.

അഞ്ച് വിദ്യാര്‍ത്ഥികളും ഒരു അധ്യാപകനും മൂന്ന് പേര്‍ കെ.എസ്.ആര്‍.ടി.സി യാത്രക്കാരുമാണ് അപകടത്തില്‍ മരിച്ചത്. എല്‍ന ജോസ്(15), ക്രിസ് വിന്റര്‍ (16), ദിവ്യ രാജേഷ്( 16), അഞ്ജന അജിത് (16), അധ്യാപകനായ വിഷ്ണു(33) എന്നിവരും കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്തിരുന്ന ഇമ്മാനുവല്‍(16), ദീപു (25), രോഹിത് (24) എന്നിവരുമാണ് മരിച്ചത്.

എറണാകുളം വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളിലെ കുട്ടികളാണ് ടൂറിസ്റ്റ് ബസില്‍ ഉണ്ടായിരുന്നത്. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ് വിദ്യാര്‍ത്ഥികളുമായി ഊട്ടിയിലേക്ക് വിനോദയാത്ര പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.

Content Highlight: Opposition Leader VD Satheeshan’s response on vadakkanchery Bus accident

We use cookies to give you the best possible experience. Learn more