ലിംഗനീതി നടപ്പാക്കുന്നത് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാട്, പക്ഷേ അടിച്ചേല്‍പ്പിക്കരുത്; ജെന്‍ഡര്‍ ന്യൂട്രാലിറ്റിയില്‍ ലീഗിനെ തള്ളാതെ വി.ഡി. സതീശന്‍
Kerala News
ലിംഗനീതി നടപ്പാക്കുന്നത് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാട്, പക്ഷേ അടിച്ചേല്‍പ്പിക്കരുത്; ജെന്‍ഡര്‍ ന്യൂട്രാലിറ്റിയില്‍ ലീഗിനെ തള്ളാതെ വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th August 2022, 3:28 pm

മലപ്പുറം: ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ മുസ്‌ലിം ലീഗിന്റെ പരാമര്‍ശങ്ങളെ പൂര്‍ണമായി പിന്താങ്ങാതെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുസ്‌ലിം ലീഗ് നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് വി.ഡി. സതീശന്‍ നിലപാട് വ്യക്തമാക്കിയത്.

അരമണിക്കൂറോളം ലീഗ് നേതാക്കളുമായുള്ള പ്രതിപക്ഷ നേതാവിന്റെ ചര്‍ച്ചയില്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി സജീവ ചര്‍ച്ചയായി. ലിംഗനീതി നടപ്പില്‍ വരുത്തണമെന്നാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടെന്നും പക്ഷെ സ്ത്രീകളില്‍ ഒന്നും അടിച്ചേല്‍പ്പിക്കരുതെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം വി.ഡി. സതീശന്‍ പ്രതികരിച്ചു.

ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ എല്ലാവരുമായും ചര്‍ച്ച ചെയ്ത് സര്‍ക്കാര്‍ ഒരു തീരുമാനം എടുക്കണമെന്ന് സതീശന്‍ പറഞ്ഞു.

അതേസമയം, ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാനാണ് ലീഗിന്റെ നീക്കം. പി.എം.എ. സലാം ഉള്‍പ്പെടെയുള്ള നേതാക്കളുടെ പരാമര്‍ശങ്ങള്‍ പരിക്കേല്‍പ്പിച്ചിട്ടില്ല. മറിച്ച് സമുദായത്തിന് അകത്തുണ്ടായ വികാരം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ സാധിച്ചു എന്നാണ് ലീഗ് വിലയിരുത്തല്‍.

അതിനിടെ, ലീഗ് നേതാക്കള്‍ക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി രംഗത്തെത്തി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നാല്‍ എന്താണ് പ്രശ്‌നമെന്നായിരുന്നു മന്ത്രിയുടെ ചോദ്യം. കുട്ടികള്‍ ഒരുമിച്ചിരിക്കണമെന്ന ഉത്തരവ് നിലവില്‍ സര്‍ക്കാര്‍ ഇറക്കിയിട്ടില്ല. പക്ഷേ അങ്ങനെ ഒരുമിച്ചിരുന്നാല്‍ എന്താണ് പ്രശ്‌നമെന്നും വി. ശിവന്‍കുട്ടി ചോദിച്ചു.

ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പായാല്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെടാന്‍ സാധ്യത ഉണ്ടെന്ന വിവാദ പരാമശം നടത്തിയ എം.കെ. മുനീറിനെയും ശിവന്‍കുട്ടി പരോക്ഷമായി വിമര്‍ശിച്ചു. മുന്‍ മന്ത്രിയടക്കമുള്ളവര്‍ അവരുടെ മാനസികാവസ്ഥ തുറന്ന് കാട്ടുകയാണെന്നും പറയുന്നത് ലീഗിന്റെ പൊതുനിലപാടാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ.എ.ടി.എഫ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിലെ എം.കെ. മുനീര്‍ എം.എല്‍.എ നടത്തിയ പ്രസംഗം വലിയ വിവാദമായിരുന്നു. ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പായാല്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെടാന്‍ സാധ്യയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്നും ഇതിനെതിരെ പ്രതികരിച്ചതുകൊണ്ട് തന്നെ ഇസ്‌ലാമിസ്റ്റ് ആക്കിയാല്‍ കുഴപ്പമില്ലെന്നും മുനീര്‍ പറഞ്ഞു.

പരാമര്‍ശം ചര്‍ച്ചയായതോടെ വാക്കുകള്‍ വളച്ചൊടിച്ചുവെന്നാരോപിച്ച് മുനീര്‍ രംഗത്തെത്തി. ജെന്‍ഡര്‍ ന്യൂട്രാലിറ്റി വന്നാല്‍ പോക്‌സോ നിഷ്പ്രഭം ആകുമെന്നാണ് താന്‍ പറഞ്ഞതെന്നാണ് മുനീര്‍ നല്‍കിയ വിശദീകരണം.

Content Highlight: Opposition leader VD Satheeshan’s response about Gender Neutrality After the discussion with Muslim League Leaders