തിരുവനന്തപുരം: റോഡ് നന്നാക്കാതെ ടോള്‍ പിരിക്കാന്‍ അനുവദിക്കരുതെന്നും, ടോള്‍ പിരിവ് നിര്‍ത്തിവെക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അങ്കമാലിയിലേത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും, വ്യവസ്ഥിതി നടത്തിയ കൊലപാതകമാണ് അതെന്നും വി ഡി സതീശന്‍ പറഞ്ഞു. ദേശീയപാതയിലെ കുഴിയില്‍പ്പെട്ട് ഒരാള്‍ മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭയില്‍ നാഷണല്‍ ഹൈവേയിലും പി.ഡബ്ലൂ.ഡി റോഡുകളിലുമുള്ള കുഴികളേക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ പൊതുമരാമത്ത് മന്ത്രി തങ്ങളെ പരിഹസിച്ചെന്നും, കഴിഞ്ഞ വര്‍ഷം ഉള്ളത്ര കുഴികള്‍ ഇപ്പോള്‍ ഇല്ലെന്നാണ് പ്രതികരിച്ചതെന്നും സതീശന്‍ പറഞ്ഞു.
ഗ്യാരന്റിയുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ അതാത് കരാറുകാരെക്കൊണ്ട് ചെയ്യിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും, ദേശീയപാതാ വിഭാഗവും ഇക്കാര്യത്തില്‍ തെറ്റായ നടപടികളാണ് കൈക്കൊള്ളുന്നതെന്നും സതീശന്‍ ആരോപിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാരോട് ടോള്‍ പിരിവ് നിര്‍ത്തിവെപ്പിച്ച് കുഴി അടക്കാനുള്ള സംവിധാനം ഏര്‍പ്പാടാക്കണം. നാഷണല്‍ ഹൈവേ അതോറിറ്റി വേണ്ടനടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അതില്‍ ഇടപെടണമെന്നും, പൊതുമരാമത്ത് വകുപ്പിന്റെ കെടുകാര്യസ്ഥതയാണ് ഇവിടെ കാണുന്നതെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം അങ്കമാലിയില്‍ റോഡിലെ കുഴിയില്‍പ്പെട്ട് തെറിച്ചുവീണ ബൈക്ക് യാത്രക്കാരന്‍ അജ്ഞാത വാഹനം കയറി മരിച്ച സംഭവത്തില്‍ ദേശീയപാതാ അതോറിറ്റിയെ കുറ്റപ്പെടുത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
ദേശീയ പാതയിലെ കുഴികള്‍ അടക്കാത്ത കരാറുകാര്‍ക്കും അവര്‍ക്കെതിരെ നടപടി എടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കുമെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കണമെന്നും, കുഴികള്‍ അടക്കാന്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.
ദേശീയ പാതയിലെ കുഴികള്‍ അടക്കാന്‍ അതോറിറ്റി കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്നും കരാറുകാരെക്കൊണ്ട് ചെയ്യിപ്പിക്കുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. കുഴിയില്‍വീണ് ബൈക്ക് യാത്രികന്‍ മരിച്ചത് ദൗര്‍ഭാഗ്യകരമാണ്. ദേശീയപാതയിലെ കുഴിയടക്കാന്‍ പൊതുമരാമത്ത് വകുപ്പിനു പറ്റില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.