കോഴിക്കോട്: അഴിമതിയുടെ കാര്യത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും ഒറ്റക്കെട്ടാണെന്നും രാജ്യമെങ്ങും കോണ്‍ഗ്രസും സി.പി.ഐ.എമ്മും സഖ്യത്തിലാവുന്ന സാഹചര്യത്തില്‍ വി.ഡി. സതീശനെ ഉപമുഖ്യമന്ത്രിയാക്കി യു.ഡി.എഫ്-എല്‍.ഡി.എഫ് സര്‍ക്കാര്‍ രൂപവത്കരിക്കുന്നതാണ് നല്ലതെന്നും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍ ധനമന്ത്രി ടി.എം. തോമസ് ഐസക് ഇ.ഡിക്കു മുന്നില്‍ ഹാജരാവാത്തതിന്റെ കാരണം വ്യക്തമാക്കണം. ഒന്നില്‍ കൂടുതല്‍ തവണ സമന്‍സ് അയച്ചിട്ടും ഹാജരാകാതെ സ്വയം വിശുദ്ധനാകാനാണ് അദ്ദേഹം ശ്രമിക്കുന്നത്.
അന്വേഷണ ഏജന്‍സിയോട് ധിക്കാരപരമായി പെരുമാറുന്നത് ശരിയല്ല. മടിയില്‍ കനമുള്ളത് കൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.
അതേസമയം, വി.ഡി സതീശന്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത വിവാദത്തില്‍ പ്രതിപക്ഷ നേതാവ് പങ്കെടുത്തത് ആര്‍.എസ്.എസ് പരിപാടിയില്‍ തന്നെയെന്ന് പി.കെ കൃഷ്ണദാസ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ നിന്ന് സതീശന്‍ വിളക്ക് കൊളുത്തിയിട്ടുണ്ട്. ആര്‍.എസ്.എസിനെ വിമര്‍ശിക്കുമ്പോള്‍ ഇതൊക്കെ ചെയ്തിട്ടുണ്ടെന്നത് വി.ഡി സതീശന്‍ മറന്നുപോകരുതെന്നും കൃഷ്ണദാസ് പരിഹസിച്ചിരുന്നു.
അതിനിടെ, കഴിഞ്ഞ ദിവസം മുസ്ലിം ലീഗുമായി രാഷ്ട്രീയ ചങ്ങാത്തത്തിന് ബി.ജെ.പി മുന്‍കയ്യെടുക്കണമെന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി. മോഹന്‍ദാസ് പറഞ്ഞു. മുന്നണിയായി തെരഞ്ഞെടുപ്പില്‍ വിജയിച്ച് മുഖ്യമന്ത്രി സ്ഥാനം ലീഗിന് കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എ.ബി.സി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ടി.ജി. മോഹന്‍ദാസിന്റെ പ്രതികരണം.
സി.എച്ചിന് ശേഷം ലീഗിന്റെ മുഖ്യമന്ത്രിയെ ബി.ജെ.പി പിന്തുണക്കുമെന്ന് ധൈര്യമായിട്ട് പറയണം. മുസ്ലിം ലീഗ് തറവാടികളുടെ പാര്‍ട്ടിയാണ്. അവര്‍ വാക്ക് മാറില്ല. മുന്നണി ഒന്നോ രണ്ടോ തവണ മാറിയിട്ടുണ്ട്. അതല്ലാതെ ഓര്‍ക്കാപ്പുറത്ത് കാലുമാറുക, പുറകില്‍ നിന്ന് കുത്തുക വാഗ്ദാനങ്ങളില്‍ നിന്ന് പിന്തിരിയുക ഇതൊന്നും ചെയ്യുന്നവരല്ല ലീഗുകാരെന്നും അദ്ദേഹം പറഞ്ഞു.