നാല് പേര്‍ പോയാല്‍ നാലായിരം പേര്‍ വരും; കോണ്‍ഗ്രസില്‍ നിന്ന് ആളുകളെ കൊണ്ടുപോയി ആഘോഷമാക്കിയ സി.പി.ഐ.എം മറുപടി പറയേണ്ടിവരുമെന്ന് വി.ഡി.സതീശന്‍
Kerala News
നാല് പേര്‍ പോയാല്‍ നാലായിരം പേര്‍ വരും; കോണ്‍ഗ്രസില്‍ നിന്ന് ആളുകളെ കൊണ്ടുപോയി ആഘോഷമാക്കിയ സി.പി.ഐ.എം മറുപടി പറയേണ്ടിവരുമെന്ന് വി.ഡി.സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th October 2021, 3:20 pm

കൊച്ചി: കോണ്‍ഗ്രസില്‍ നിന്ന് ആളുകളെ കൊണ്ടുപോയി കേരളത്തില്‍ ആഘോഷമാക്കിയ സി.പി.ഐ.എം തലകുനിച്ചു നിന്ന് അതിന് മറുപടി പറയേണ്ടിവരുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍.

കോണ്‍ഗ്രസ് പ്രത്യയ ശാസ്ത്രത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്നും നാലു പേര്‍ പോയാല്‍ നാലായിരം പേര്‍ ഇതിലോട്ട് വരുമെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം ജില്ലയില്‍ നിന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഉള്ള അംഗത്വം രാജിവെച്ച് കോണ്‍ഗ്രസില്‍ ചേരുന്നവരുടെ വരവേല്‍പ്പ് എന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കോണ്‍ഗ്രസിലേക്ക് ആളുകള്‍ വരും. ഇതൊരു മഹത്തായ പ്രസ്ഥാനം ആണ്. ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ ഊര്‍ജ്ജമാണ് കോണ്‍ഗ്രസ് എന്നാരും മറക്കരുത്. മനുഷ്യന്റെ ആയുസ്സിനും രാജ്യങ്ങളുടെ ആയുസിലും കയറ്റിറക്കങ്ങള്‍ ഉണ്ടാകുന്നത് പോലെ ഒരു പ്രസ്ഥാനത്തിന്റെ ആയുസിലും ഉണ്ടാകും. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും അതിശക്തമായി പാര്‍ട്ടി തിരിച്ചുവരും,’ വി.ഡി. സതീശന്‍ പറഞ്ഞു.

അതേസമയം, ഈയടുത്ത് കോണ്‍ഗ്രസ് വിട്ട് കോണ്‍ഗ്രസിന്റെ മുന്‍ കെ.പി.സി.സി സെക്രട്ടറിയായിരുന്ന പി.എസ്.പ്രശാന്ത് സി.പി.ഐ.എമ്മില്‍ ചേര്‍ന്നതിനു തൊട്ടുപിന്നാലെ കെ.പി അനില്‍കുമാറും സി.പി.ഐ.എമ്മില്‍ ചേര്‍ന്നിരുന്നു.

കെ.പി.സി.സി സംഘടനാ ചുമതലുണ്ടായിരുന്ന അനില്‍കുമാര്‍ സസ്‌പെന്‍ഷനിലായതിനു പിന്നാലെയാണ് കോണ്‍ഗ്രസ് വിട്ട് സി.പി.ഐ.എമ്മില്‍ ചേര്‍ന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Opposition leader VD Satheesan said that the CPI (M), which took people from the Congress and celebrated in Kerala, would have to bow down and respond to it.