തിരുവനന്തപുരം: എ.എന്‍. ഷംസീര്‍ എം.എല്‍.എയെ സ്പീക്കറായി ചുമതലപ്പെടുത്തിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നേരത്തെ നിയമസഭയില്‍ നടത്തിയ പരാമര്‍ശം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ.
‘ഷംസീര്‍ എന്നുമുതലാണ് സ്പീക്കറായത്?’ എന്ന വി.ഡി. സതീശന്റെ സഭയിലെ ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയെ സംബന്ധിച്ച് അടിയന്തര പ്രമേയ നോട്ടീസിലെ ഷംസീറിന്റെ പ്രതികരണമാണ് വി.ഡി. സതീശനെ ചൊടിപ്പിച്ചത്.
‘പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോള്‍ ഒരു അംഗം വെറുതെ ബഹളം ഉണ്ടാക്കുകയാണ്. സഭ നിയന്ത്രിക്കാന്‍ ഷംസീറിനെ സ്പീക്കര്‍ ഏല്‍പ്പിച്ചിട്ടുണ്ടോ. ഷംസീര്‍ എന്നുമുതലാണ് സ്പീക്കറായത്? എങ്ങനെ നിയമസഭയില്‍ സംസാരിക്കണമെന്ന് ഷംസീര്‍ എനിക്ക് ക്ലാസ് എടുക്കണ്ട. ഷംസീറിനെ മാതൃകയാക്കാന്‍ ഉദ്ദേശിക്കുന്നില്ല.’ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍.
പ്രതിപക്ഷ നേതാവിന്റെ സഭയിലെ ഈ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
അതേസമയം, പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ നിര്‍വഹിക്കുമെന്ന് ഷംസീര്‍ പറഞ്ഞു. എനിക്ക് മുമ്പും രാഷ്ട്രീയ നേതൃത്വത്തില്‍ പലരും നേരത്തെ സ്പീക്കര്‍ ആയിട്ടുണ്ട്. ആ ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിക്കാന്‍ സാധിക്കുമെന്ന വിശ്വാസമുണ്ട്. സ്പീക്കര്‍ പ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് എ.എന്‍. ഷംസീര്‍ പറഞ്ഞു.
നിലവില്‍ സ്പീക്കറായ എം.ബി. രാജേഷിനെ മന്ത്രിയാക്കാനും, പകരം എ.എന്‍. ഷംസീര്‍ സ്പീക്കറാക്കാനും വെള്ളിയാഴ്ച ചേര്‍ന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റിലാണ് തീരുമാനമായത്. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എം.വി. ഗോവിന്ദന്‍ മന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചു.
എം.ബി. രാജേഷിന്റെ വകുപ്പ് തീരുമാനമായിട്ടില്ല. സത്യപ്രതിജ്ഞക്ക് ശേഷമായിരിക്കും വകുപ്പ് തീരുമാനിക്കുക.