| Saturday, 17th July 2021, 11:52 am

'സംസ്ഥാനത്തിന് ഇപ്പോള്‍ റവന്യൂ മന്ത്രി ഉണ്ടോ'; നിയമപ്രകാരം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥയെ വേട്ടയാടുന്നുവെന്ന് വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മരംമുറിയുമയി ബന്ധപ്പെട്ട ഫയലിന്റെ പകര്‍പ്പ് വിവരാവകാശ നിയമ പ്രകാരം നല്‍കിയ ഉദ്യോഗസ്ഥയുടെ ഗുഡ് സര്‍വീസ് എന്‍ട്രി പിന്‍വലിച്ചതില്‍ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍.

സംസ്ഥാനത്തിന് ഇപ്പോള്‍ റവന്യൂ മന്ത്രി ഉണ്ടോ എന്ന് വി.ഡി. സതീശന്‍ ഫേസ്ബുക്കിലൂടെ ചോദിച്ചു. നിയമപ്രകാരം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥയെ വേട്ടയാടുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു.

ഒരു വനിതാ ജീവനക്കാരിയുടെ അന്തസ് സംരക്ഷിക്കേണ്ടത് മന്ത്രിയുടെ കൂടി ചുമതലയാണ്. സി.പി.ഐ.എം. ആരംഭിച്ചിരിക്കുന്ന സ്ത്രീപക്ഷ കേരളം പരിപാടിയുടെ ഭാഗമാണോ ഇതെന്നും വി.ഡി. സതീശന്‍ പരിഹസിച്ചു.

‘വകുപ്പില്‍ നടക്കുന്നത് ഒക്കെ മന്ത്രി അറിയുന്നുണ്ടോ. റവന്യൂ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയായ ഉദ്യോഗസ്ഥക്ക് നേരിടേണ്ടി വന്ന തിക്ത അനുഭവങ്ങള്‍ താങ്കള്‍ അറിഞ്ഞില്ല എന്നു പറയുന്നത് കേട്ടപ്പോള്‍ ചോദിച്ചുപോയതാണ്,’ വി.ഡി. സതീശന്‍ പറഞ്ഞു.

വയനാട്ടിലെ മുട്ടില്‍ മരംകൊള്ള സംബന്ധിച്ച രേഖകള്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ റവന്യു വകുപ്പ് അണ്ടര്‍ സെക്രട്ടറി ഒ.ജി.ശാലിനിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി സര്‍ക്കാര്‍ റദ്ദാക്കിയത്.

മൂന്ന് മാസം കൊണ്ട് അണ്ടര്‍ സെക്രട്ടറിയുടെ ഗുഡ് സര്‍വീസ് ബാഡ് സര്‍വീസായത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. രാജന്‍ റവന്യൂ മന്ത്രി വകുപ്പില്‍ നടക്കുന്നതൊക്കെ ഒന്നറിയാന്‍ ശ്രമിക്കണമെന്നും സതീശന്‍ ഫേസ്ബുക്കില്‍ എഴുതി.

വി.ഡി. സതീശന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഈ സംസ്ഥാനത്തിനിപ്പോള്‍ ഒരു റവന്യൂ മന്ത്രിയുണ്ടോ? ഉണ്ടെങ്കില്‍, പ്രിയപ്പെട്ട ശ്രീ കെ.രാജന്‍ അങ്ങ് ആ വകുപ്പില്‍ നടക്കുന്നതൊക്കെ അറിയുന്നുണ്ടോ? അതോ ആ വകുപ്പിന്റെ സൂപ്പര്‍ മന്ത്രിയായി സ്വയം അവരോധിതനായ സെക്രട്ടറിക്ക് അധികാരം പൂര്‍ണമായി അടിയറ വെച്ചോ?
ഇത് ചോദിക്കേണ്ടി വരുന്നത് അങ്ങനെയൊരു സാഹചര്യം ഉരുത്തിരിഞ്ഞതിനാലാണ്. റവന്യൂ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയായ ഉദ്യോഗസ്ഥ ക്ക് നേരിടേണ്ടി വന്ന തിക്ത അനുഭവങ്ങള്‍ താങ്കള്‍ അറിഞ്ഞില്ല എന്നു പറയുന്നത് കേട്ടപ്പോള്‍ ചോദിച്ചു പോയി എന്നേയുള്ളൂ.

റവന്യൂ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയെ ആദ്യം അവര്‍ വഹിച്ചിരുന്ന വിവരാവകാശ ഓഫീസര്‍ തസ്തികയില്‍ നിന്ന് പൊടുന്നനെ മാറ്റുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ആ ഉദ്യോഗസ്ഥയെ വിളിച്ചു വരുത്തി അവധിയില്‍ പോകാന്‍ വാക്കാല്‍ നിര്‍ദ്ദേശിക്കുന്നു. അവധി അപേക്ഷയില്‍ വ്യക്തിപരമായ കാരണങ്ങളാല്‍ അവധിയില്‍ പോകുന്നു എന്നും എഴുതാനായിരുന്നു ഉത്തരവ്.

അവിടം കൊണ്ടും കഴിഞ്ഞില്ല .അരിശം തീരാഞ്ഞ് ഈ ഉദ്യോഗസ്ഥയുടെ ഗുഡ് സര്‍വീസ് എന്‍ട്രി സെക്രട്ടറി യജമാനന്‍ റദ്ദാക്കി.എന്നാല്‍ 2021 ന് ഇതേ ഉദ്യോഗസ്ഥന്‍ ഒപ്പിട്ടു നല്‍കിയതാണ് ഗുഡ് സര്‍വീസ്.
ഇനി ഫയലില്‍ അദ്ദേഹം എഴുതിയത് നോക്കുക:- ”എന്നാല്‍ ചില ഫയലുകളുടെ പ്രാഥമിക പരിശോധനയില്‍ ഈ ഉദ്യോഗസ്ഥയുടെ സത്യസന്ധത വിശ്വാസ്യത (integrity) സംശയത്തിന് അതീതമല്ലെന്ന് കണ്ടെത്തി.
‘അതിനാല്‍ ‘എന്റെ’ അഭിപ്രായത്തില്‍ അവര്‍ ഗുഡ് സര്‍വീസ് എന്‍ട്രിക്ക് അര്‍ഹയല്ല. ഈ സാഹചര്യത്തില്‍ ‘ഞാന്‍’ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കുന്നു.’ ഒപ്പ്: എ.ജയതിലക് .പ്രിന്‍സിപ്പല്‍ സെക്രട്ടറി.( 15.7.2021)

എനിക്ക്, ഞാന്‍, എന്റെ – ഇങ്ങനെ ഫയലെഴുന്നതാവാം പോസ്റ്റ് ട്രൂത്ത് കാലഘട്ടത്തിലെ ഒരു രീതി. നമോവാകം.
2021 ഏപ്രിലിനും ജൂലൈക്കുമിടയില്‍ ഈ അണ്ടര്‍ സെക്രട്ടറി ആകെ ചെയ്ത പാതകം എന്തെന്നല്ലേ? മുട്ടില്‍ മരംമുറി ഫയല്‍ വിവരാവകാശ നിയമം അനുസരിച്ച് പുറത്ത് നല്‍കി എന്നതാണ് അവര്‍ ചെയ്ത കുറ്റം. ഈ സര്‍ക്കാരിന്റെ ഒരു രീതി വെച്ച് അവര്‍ക്കെതിരെ കുറഞ്ഞത് ഒരു യു.എ.പി.എ കേസെങ്കിലും ചുമത്തേണ്ടതായിരുന്നു. ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കുക മാത്രമല്ലെ ചെയ്തുള്ളൂ. (നവോത്ഥാനം, മതില്‍, ഒപ്പമുണ്ട്, കരുതല്‍ എന്നീ വാക്കുകള്‍ ഓര്‍ക്കരുതെന്ന് അപേക്ഷ).

‘അണ്ടര്‍ സെക്രട്ടറിയായ ഉദ്യോഗസ്ഥ മികച്ച രീതിയില്‍ അവരില്‍ നിക്ഷിപ്തമായ ജോലി നിര്‍വഹിച്ചു. അവര്‍ അശ്രാന്തം പരിശ്രമിച്ച് കെട്ടിക്കിടന്ന ഫയലുകള്‍ തീര്‍പ്പാക്കി.അവര്‍ സഹ പ്രവര്‍ത്തകര്‍ക്ക് പ്രചോദനവും വഴികാട്ടിയും മികച്ച മേലുദ്യോഗസ്ഥയുമായി പ്രവര്‍ത്തിച്ചു. റവന്യൂ ചട്ടങ്ങളെ കുറിച്ചുള്ള അവരുടെ അറിവ് അപാരമാണ്. കുറ്റമറ്റ രീതിയില്‍ ഫയല്‍ നോട്ടുകള്‍ തയാറാക്കുന്നു. അവര്‍ക്ക് ജോലിയോടുള്ള ആത്മാര്‍ഥതയും ആത്മാര്‍പ്പണവും കണക്കിലെടുത്ത് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കുന്നു.’ ഒപ്പ്. എ.ജയതിലക്. (1. 4.2021) ഇതായിരുന്നു ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കിയ ഫയലില്‍ എ. ജയതിലക് എഴുതിയത്.

മൂന്നു മാസം കൊണ്ട് അണ്ടര്‍ സെക്രട്ടറിയുടെ ഗുഡ് സര്‍വീസ് ബാഡ് സര്‍വീസായി.
ഫയലുകള്‍ക്ക് സ്‌കി സോഫ്രേനിയവരും കാലം. വായിക്കുന്നവര്‍ കുഴയും.
പ്രിയപ്പെട്ട രാജന്‍ റവന്യൂ മന്ത്രിയെന്ന നിലയില്‍ താങ്കളുടെ വകുപ്പില്‍ നടക്കുന്നതൊക്കെ ഒന്നറിയാന്‍ ശ്രമിക്കുക.

എളുപ്പമല്ല… എങ്കിലും യുക്തിക്കു നിരക്കുന്ന ഭരണരീതിയും പൊതു നന്‍മയും ഒരു വനിതാ ജീവനക്കാരിയുടെ അന്തസും ഒക്കെ സംരക്ഷിക്കേണ്ടത് അങ്ങയുടെ കൂടി ചുമതലയാണ്.
മുഖ്യമന്ത്രിയോടും സി പി എമ്മിനോടും ഒരു ലളിതമായ ചോദ്യം? നിങ്ങളാരംഭിച്ചിരിക്കുന്ന സ്ത്രീപക്ഷ കേരളം പരിപാടിയുടെ ഭാഗമാണോ ഇത്?

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  opposition leader vd satheesan Against revenue minister  K. Rajan

Latest Stories

We use cookies to give you the best possible experience. Learn more