Kerala News
കേരളത്തിൽ മികച്ച വ്യാവസായിക അന്തരീക്ഷമുണ്ടെന്ന് ശശി തരൂർ; എവിടെയെന്ന് വി.ഡി സതീശൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 15, 06:15 am
Saturday, 15th February 2025, 11:45 am
ഈ പാവപ്പെട്ട മനുഷ്യർ നിൽക്കുന്ന മണ്ണ് ഒലിച്ച് പോയതാണ്. ആ പാവപ്പെട്ടവർക്ക് കൊടുക്കുന്ന പണം 50 കൊല്ലത്തിനകം തിരിച്ചടക്കണം എന്ന് പറയുന്നത് അനീതിയാണ്. പ്രധാനമന്ത്രി ഇവിടെ വന്ന പോയിട്ട് ഇപ്പോഴാണ് പണം നൽകുന്നത്. അത് പേപ്പർ വർക്കുകൾ എല്ലാം കഴിഞ്ഞ് ഇപ്പോളാണ് ഈ ജനങ്ങൾക്ക് ലഭിക്കുക. ഒരു കേന്ദ്രം സംസ്ഥാനത്തോട് പുലർത്തേണ്ട യാതൊരു വിധ മാന്യതയും പാലിക്കപ്പെട്ടിട്ടില്ല. പൂർണമായ അവഗണനയാണിത്. അവഗണന മാത്രമല്ല ഇതിലൊരു പരിഹാസം കൂടിയുണ്ട്. നിങ്ങൾക്ക് ഇത് മതി എന്ന പരിഹാസം. അത് ശരിയല്ല. ഞങ്ങൾ അതിനെതിരെ ശക്തമായി പ്രതികരിക്കും

തിരുവനന്തപുരം: കേരളത്തിൽ മികച്ച വ്യാവസായിക അന്തരീക്ഷമുണ്ടെന്ന് പറഞ്ഞ കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂരിന്റെ പ്രസ്താവനയെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇന്ന് (ഫെബ്രുവരി 15 ) രാവിലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദ ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിൽ എഴുതിയ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ വളർച്ചയെ ശശി തരൂർ പ്രശംസിച്ചത്. 2024-ലെ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാർട്ട്അപ്പ് മൂല്യം ആഗോള ശരാശരിയേക്കാൾ അഞ്ചിരട്ടി അധികമാണെന്ന് തരൂർ പറഞ്ഞിരുന്നു.

എന്നാൽ കേരളത്തിൽ ശശി തരൂർ പറഞ്ഞത് പോലൊരു വ്യാവസായിക അന്തരീക്ഷം ഇല്ലെന്ന് വി.ഡി സതീശൻ പറഞ്ഞു. സ്വാഭാവികമായിട്ടും അത് മെച്ചപ്പെട്ട് വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തിൽ മെച്ചപ്പെട്ട വ്യാവസായിക അന്തരീക്ഷം ഇല്ല. അത് മെച്ചപ്പെട്ട വരണമെന്ന് ആഗ്രഹിക്കുന്ന വ്യക്തികളാണ് ഞങ്ങൾ. ശശി തരൂർ എന്ത് സ്റ്റാറ്റിസ്റ്റിക്സിന്റെ പുറത്താണ് അത്തരമൊരു ലേഖനം എഴുതിയതെന്ന് അറിയില്ല. കേരളത്തിൽ പുതിയതായി കഴിഞ്ഞ മൂന്നര വർഷങ്ങൾ കൊണ്ട് മൂന്ന് ലക്ഷം സംരംഭങ്ങൾ തുടങ്ങി എന്നാണ് വ്യവസായ മന്ത്രി അവകാശപ്പെടുന്നത്. അപ്പോൾ മിനിമം ഒരു നിയോജക മണ്ഡലത്തിൽ 2000 സംരംഭം എങ്കിലും തുടങ്ങണം. പെരിന്തൽമണ്ണയിൽ 2000 സംരംഭങ്ങൾ തുടങ്ങിയിട്ടുണ്ടോ? 500 എണ്ണമെങ്കിലും തുടങ്ങിയിട്ടുണ്ട്? ഗൾഫിൽ നിന്നും മറ്റും വരുന്നവർ ബേക്കറിയോ പെട്ടിക്കടയോ തുടങ്ങുന്നത് വ്യവസായ സംരംഭമായി കണക്കാക്കാനാവില്ല,’ അദ്ദേഹം പറഞ്ഞു.

ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസിൽ 28–ാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഒന്നാം സ്ഥാനത്തേക്കെത്തിയതിനെക്കുറിച്ചും അദ്ദേഹം വിവരിക്കുന്നു. സംരംഭങ്ങൾക്ക്‌ ഏകജാലകത്തിലൂടെ അനുമതികൾ ലഭിക്കുമെന്ന് മാത്രമല്ല അത് കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ടാണ് സംഭവിക്കുന്നതെന്നും ശശി തരൂർ പറഞ്ഞു.

രാജീവ് ചൂണ്ടിക്കാണിച്ചതുപോലെ, ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ കേരളം 28-ാം സ്ഥാനത്ത് നിന്ന്‌ ഒന്നാമതെത്തിയിട്ടുണ്ട്‌. എ.ഐ, ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ, മെഷീൻ ലേണിങ് എന്നിവയുൾപ്പെടെ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സംസ്ഥാനം ഒരു പുതിയ വ്യവസായ നയം നടപ്പാക്കിയിട്ടുണ്ട്. ‘ഇയർ ഓഫ് എന്റർപ്രൈസസ്’ ഉദ്യമത്തിലൂടെ 2,90,000 എം.എസ.എം.ഇകൾ സ്ഥാപിക്കപ്പെട്ടുവെന്നും ശശി തരൂർ ചൂണ്ടിക്കാട്ടിയിരുന്നു.

അതോടൊപ്പം മുണ്ടക്കൈ ചൂരൽമല വിഷയത്തിൽ കേന്ദ്രം കേരളത്തോട് വലിയ വിവേചനം കാണിച്ചെന്നും അനീതിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഈ പാവപ്പെട്ട മനുഷ്യർ നിൽക്കുന്ന മണ്ണ് ഒലിച്ച് പോയതാണ്. ആ പാവപ്പെട്ടവർക്ക് കൊടുക്കുന്ന പണം 50 കൊല്ലത്തിനകം തിരിച്ചടക്കണം എന്ന് പറയുന്നത് അനീതിയാണ്. പ്രധാനമന്ത്രി ഇവിടെ വന്ന പോയിട്ട് ഇപ്പോഴാണ് പണം നൽകുന്നത്. അത് പേപ്പർ വർക്കുകൾ എല്ലാം കഴിഞ്ഞ് എപ്പോഴാണ് ഈ ജനങ്ങൾക്ക് ലഭിക്കുക. ഒരു കേന്ദ്രം സംസ്ഥാനത്തോട് പുലർത്തേണ്ട യാതൊരു വിധ മാന്യതയും പാലിക്കപ്പെട്ടിട്ടില്ല. പൂർണമായ അവഗണനയാണിത്. അവഗണന മാത്രമല്ല ഇതിലൊരു പരിഹാസം കൂടിയുണ്ട്. നിങ്ങൾക്ക് ഇത് മതി എന്ന പരിഹാസം. അത് ശരിയല്ല. ഞങ്ങൾ അതിനെതിരെ ശക്തമായി പ്രതികരിക്കും,’ അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ പര്യടനം പരാജയമായിരുന്നെന്നും വി.ഡി സതീശൻ പറഞ്ഞു. ഇന്ത്യയുടെ ഒരു ആവശ്യങ്ങളും അവിടെ പരിഗണിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Content Highlight: Opposition leader VD Satheesan rejected Shashi Tharoor’s comment