തിരുവനന്തപുരം: യാഥാര്‍ത്ഥ്യ ബോധത്തില്‍ നിന്ന് അകന്നതാണ് ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ധനപ്രതിസന്ധിയുടെ പേരില്‍ ഇടത് സര്‍ക്കാര്‍ നടത്തുന്നത് പകല്‍ക്കൊള്ളയാണെന്നും, സംസ്ഥാന സര്‍ക്കാരിന് കൈകടത്താന്‍ സാധിക്കുന്ന മേഖലകളിലെല്ലാം നികുതി വര്‍ധിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
അശാസ്ത്രീയ നികുതി വര്‍ധനവാണ് നടപ്പാക്കിയത്. ഒരു തരത്തിലും ഇത് അംഗീകരിക്കാന്‍ കഴിയില്ല. പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുമ്പോള്‍ ലിറ്ററിന് രണ്ട് രൂപ വീതം കൂട്ടി സെസ് പിരിക്കുകയാണെന്നും ഇത് നികുതിക്കൊള്ളയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 600 കോടി രൂപയായിരുന്നു നികുതി വര്‍ധനവ്. എന്നാല്‍ ഇത്തവണ അത് 3000 കോടി രൂപയായി വര്‍ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ കൊടുക്കാനെന്ന പേരില്‍ പെട്രോളിനും ഡീസലിനും ചാര്‍ജ് വര്‍ധിപ്പിച്ചിരിക്കുകയാണ്, വൈദ്യുതി ചാര്‍ജും വര്‍ധിപ്പിച്ചു. കേരളം വ്യാപാര സൗഹൃദ സംസ്ഥാനമാണെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നതിന്റെ ഇടയിലാണിതെന്നും വി.ഡി. സതീശന്‍ വിമര്‍ശിച്ചു.
മദ്യത്തിന് വീണ്ടും സെസ് ഏര്‍പ്പെടുത്തുകയാണ്. 247 ശതമാനമാണ് നിലവിലെ നികുതി. മദ്യവില വര്‍ധിപ്പിക്കുന്നതിന്റെ അനന്തരഫലം കൂടുതല്‍ പേര്‍ മയക്കുമരുന്നിലേക്ക് മാറാന്‍ ഇടയാക്കുമെന്നും സതീശന്‍ പറഞ്ഞു.
വൈദ്യുത ബോര്‍ഡ് ലാഭത്തിലാണെന്നാണ് മന്ത്രി പറയുന്നത്, പിന്നെന്തിനാണ് വൈദ്യുതി ചാര്‍ജ് കൂട്ടുന്നതെന്നും സതീശന്‍ ചോദിച്ചു.
‘ധനപ്രതിസന്ധി മറച്ചുവെച്ച സര്‍ക്കാര്‍ നികുതി വര്‍ധിപ്പിക്കുകയാണ് ചെയ്തത്. യാതൊരു പഠനവും നടത്താതെ ജനങ്ങള്‍ക്ക് മേല്‍ നികുതി അടിച്ചേല്‍പ്പിക്കുന്നു. വലിയ ആഘോഷമായിട്ടാണ് ധനമന്ത്രി കണക്കുകള്‍ പറയുന്നത്. എന്നാല്‍, യഥാര്‍ഥ കണക്കുകള്‍ മറച്ചുവെക്കുകയാണ്.
19 സംസ്ഥാനങ്ങളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം ഏറ്റവും കുറവ് നികുതി പിരിവ് നടന്ന സംസ്ഥാനമാണ് കേരളം. ദേശീയ ശരാശരി നികുതി വരുമാനത്തിന്റെ വര്‍ധനവ് 6നും 10നും ഇടയില്‍ വര്‍ധിച്ചപ്പോള്‍ കേരളത്തില്‍ ഇത് രണ്ട് ശതമാനം മാത്രമാണ്,’ പ്രതിപക്ഷ നേതാവ് പറഞ്ഞു.
Content Highlight: Opposition Leader Vd Satheesan Reaction on Kerala Budget 2023