ഉത്തര്‍പ്രദേശ് കേരളം പോലെയാകാന്‍ വോട്ട് ചെയ്യണം: യോഗിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ്
Kerala News
ഉത്തര്‍പ്രദേശ് കേരളം പോലെയാകാന്‍ വോട്ട് ചെയ്യണം: യോഗിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th February 2022, 3:20 pm

തിരുവനന്തപുരം: കേരളത്തെ അപമാനിച്ചുകൊണ്ടുള്ള ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വി.ഡി. സതീശന്‍ യോഗിക്കെതിരെ ആഞ്ഞടിച്ചത്.

ഉത്തര്‍പ്രദേശ് കേരളം പോലെയാകാന്‍ വോട്ട് ചെയ്യണമെന്ന് വി.ഡി. സതീശന്‍ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

ബഹുസ്വരതക്കും ഐക്യത്തിനും വികസനത്തിനും വേണ്ടി വോട്ട് ചെയ്യണം. കേരളീയരും ബംഗാളികളും കശ്മീരികളും ആത്മാഭിമാനമുള്ള ഇന്ത്യക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

യോഗി ആദിത്യനാഥ് ഭയക്കുന്നത് പോലെ യു.പി കേരളം പോലെയാവുകയാണെങ്കില്‍ അവിടെ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ആളുകള്‍ കൊല ചെയ്യപ്പെടില്ല എന്നും അത് തന്നെയായിരിക്കും യു.പിയിലെ ജനങ്ങളും ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗിക്ക് മറുപടി നല്‍കിയിരുന്നു.

‘യോഗി ആദിത്യനാഥ് ഭയക്കുന്നത് പോലെ യു.പി കേരളം പോലെയാവുകയാണെങ്കില്‍ അവിടെ മികച്ച വിദ്യാഭ്യാസമുണ്ടാകും, ആരോഗ്യസംവിധാനമുണ്ടാകും, മികച്ച ജീവിതനിലവാരവും ഐക്യമുള്ള സമൂഹവുമുണ്ടാകും.

അങ്ങനെയുള്ള സമൂഹത്തില്‍ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ആളുകള്‍ കൊല ചെയ്യപ്പെടില്ല. അത് തന്നെയായിരിക്കും യു.പിയിലെ ജനങ്ങളും ആഗ്രഹിക്കുന്നത്,” പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്യമായി വോട്ട് ചെയ്തില്ലെങ്കില്‍ യു.പി കേരളത്തെപ്പോലെയാകും എന്നായിരുന്നു യോഗി നേരത്തെ പറഞ്ഞിരുന്നത്. ഫെബ്രുവരി 10നാണ് യു.പിയില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്.

വോട്ടിങ്ങില്‍ പിഴവ് സംഭവിച്ചാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ ബംഗാളോ കേരളമോ ആയി മാറുമെന്നായിരുന്നു യു.പിയില്‍ ആദ്യഘട്ട പോളിങ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി വോട്ടര്‍മാരോട് യോഗി പറഞ്ഞത്. ഇതിന്റെ വീഡിയോ സന്ദേശം ഉത്തര്‍പ്രദേശ് ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.


Content Highlights: Opposition Leader VD Satheesan giving reply to Yogi Adhithyanath’s provoking statement against Kerala