| Wednesday, 16th November 2022, 12:21 pm

'രാവിലെ വേറെ വാര്‍ത്ത കിട്ടിയില്ലെങ്കില്‍ വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുകയാണ്, വേറെ വല്ല പണിക്കും പോകാന്‍ പറ'; കെ. സുധാകരന്‍ രാജിസന്നദ്ധത അറിയിച്ചെന്ന വാര്‍ത്ത നിഷേധിച്ച് വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ ഹൈക്കമാന്‍ഡിനോട് രാജി സന്നദ്ധത അറിയിച്ചുവെന്ന തരത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തിന് പിന്നാലെ, കെ.പി.സി.സിയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സുധാകരന്‍ സ്ഥാനമൊഴിയാന്‍ പോകുന്നു എന്നായിരുന്നു ഏഷ്യാനെറ്റ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ കെ. സുധാകരന്‍ ഇങ്ങനെയൊരു കത്ത് അയച്ചിട്ടില്ലെന്നും കോണ്‍ഗ്രസിനുള്ളില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്നും പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സര്‍ക്കാരിനെ രക്ഷിക്കാനാണ് മാധ്യമങ്ങള്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നതെന്നുമാണ് വി.ഡി. സതീശന്‍ പ്രതികരിച്ചത്.

വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ വേറെ വല്ല പണിക്കും പോകുന്നതാണ് നല്ലതെന്നും ഈ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ക്രെഡിബിലിറ്റിയാണ് നഷ്ടപ്പെടുന്നതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

”കെ. സുധാകരന്‍ രാജി സന്നദ്ധത അറിയിച്ചിട്ടില്ല. കോണ്‍ഗ്രസിനുള്ളില്‍ ഒരു പ്രശ്‌നവുമില്ല. തെറ്റായതും അടിസ്ഥാനരഹിതവുമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇപ്പോള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സര്‍ക്കാരിനെ രക്ഷപ്പെടുത്താന്‍ മനപൂര്‍വം ചെയ്യുന്നതാണ്.

മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും ഇത്തരം തെറ്റായ വാര്‍ത്തകള്‍ പടച്ചുവിട്ട് കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കാന്‍ നോക്കരുതെന്നാണ് എന്റെ അഭ്യര്‍ത്ഥന. അത് ശരിയല്ല.

ഞങ്ങളെല്ലാം ഗൗരവത്തോട് കൂടി തന്നെ സുധാകരനോട് സംസാരിച്ചതാണ്. നാക്കുപിഴയാണെന്ന് അദ്ദേഹം പറഞ്ഞതാണ്. ആ വിശദീകരണം പാര്‍ട്ടി സ്വീകരിച്ചു. പിന്നെ എന്താണ് അഭിപ്രായ വ്യത്യാസം? കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ല.

പിന്നെ ഞാന്‍ സംസാരിക്കുന്നത് പോലെ രമേശ് ചെന്നിത്തലയോ അദ്ദേഹം സംസാരിക്കുന്നത് പോലെ ഉമ്മന്‍ ചാണ്ടിയോ സംസാരിക്കില്ലോ. എല്ലാവരും ഒരുപോലെ അച്ചടിച്ച കാര്യങ്ങളല്ലല്ലോ പറയുന്നത്.

ഞാനും കെ. സുധാകരനും തമ്മില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ല. കത്തെഴുതി എന്ന് പറയുന്നത് തന്നെ പച്ചക്കള്ളം. എഴുതപ്പെടാത്ത കത്തിന്റെ ഉള്ളടക്കത്തില്‍ പ്രതിപക്ഷ നേതാവിന്റെ പിന്തുണ കെ.പി.സി.സി പ്രസിഡന്റിന് കിട്ടുന്നില്ലെന്നും പറഞ്ഞു. ഞങ്ങള്‍ ദിവസവും നാലഞ്ച് പ്രാവശ്യം തമ്മില്‍ സംസാരിക്കുന്നവരാണ്.

ഒരു പിണക്കവുമില്ല. വെറുതെ ഉണ്ടാക്കിവിടുകയാണ്. രാവിലെ എണീക്കുമ്പോള്‍ വേറെ വാര്‍ത്ത കിട്ടിയില്ലെങ്കില്‍ വേറെ വല്ല പണിക്കും പോകാന്‍ പറ. ഇങ്ങനെ ഇല്ലാത്ത വാര്‍ത്ത തന്നത്താന്‍ ഉണ്ടാക്കുകയാണെങ്കില്‍ വേറെ ജോലിക്ക് പോകാന്‍ പറ.

കത്തയച്ചു എന്ന് ചുമ്മാ അങ്ങ് പറയുക, എന്നിട്ട് നമ്മളതിന് മറുപടി കൊടുക്കാന്‍ നടക്കുക. ഇന്ന് സര്‍ക്കാര്‍ രക്ഷപ്പെട്ടില്ലേ. സര്‍ക്കാരിനെയും സി.പി.ഐ.എമ്മിനെയും രക്ഷപ്പെടുത്താന്‍ വേണ്ടി പടച്ചുണ്ടാക്കുന്ന വാര്‍ത്തകളാണിത്. ഇനി ഇതിനെ ശക്തമായ ഭാഷയിലായിരിക്കും നേരിടുക.

നമ്മള്‍ മാധ്യമപ്രവര്‍ത്തകരെ കുറിച്ച് മോശമായൊന്നും പറയാറില്ല. നിങ്ങള്‍ മാധ്യമങ്ങളുടെയും ഇത് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെയും ക്രെഡിബിലിറ്റിയാണ് പോകുന്നത്. ഞങ്ങളുടെ വിശ്വാസ്യത തകര്‍ക്കാന്‍ പറ്റില്ല,” വി.ഡി. സതീശന്‍ പറഞ്ഞു.

കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് പറഞ്ഞുകൊണ്ട് കെ. സുധാകരന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞ ദിവസം കത്തയച്ചതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.

കെ.പി.സി.സി അധ്യക്ഷ പദവിയിലിരുന്ന് കൊണ്ട് ചികിത്സയുമായി തനിക്ക് മുന്നോട്ട് പോകണം. എന്നാല്‍ ഈ രണ്ട് കാര്യങ്ങളും ഒരുപോലെ കൊണ്ടുപോകാന്‍ പറ്റുന്നില്ല. പാര്‍ട്ടിയില്‍ മുന്നോട്ട് പോകുന്നതില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനില്‍ നിന്ന് വേണ്ടത്ര പിന്തുണയും സഹകരണവും കിട്ടുന്നില്ല. ഇപ്പോഴത്തെ നിസ്സഹകരണം കാരണം കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്നും കെ. സുധാകരന്‍ പറഞ്ഞുവെന്നും പുറത്തുവന്ന റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

അതേസമയം, നെഹ്റുവിനെ കുറിച്ചുള്ള സുധാകരന്റെ പ്രസ്താവനയില്‍ യു.ഡി.എഫ് സഖ്യകക്ഷിയായ മുസ്ലിം ലീഗ് ഇന്ന് നിര്‍ണായക യോഗം ചേരുകയാണ്.

ആര്‍.എസ്.എസിന് പോലും അവസരം കൊടുത്ത വിശാല ജനാധിപത്യ ബോധമാണ് ജവഹര്‍ലാല്‍ നെഹ്റുവിന്റേതെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ വിവാദ പ്രസ്താവന. പാര്‍ലമെന്റില്‍ ആര്‍.എസ്.എസ്- സി.പി.ഐ.എം നേതാക്കള്‍ക്ക് അവസരം നല്‍കിയ ജനാധിപത്യവാദിയാണ് നെഹ്റുവെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞിരുന്നു. കണ്ണൂര്‍ ഡി.സി.സി സംഘടിപ്പിച്ച നവോത്ഥാന സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Content Highlight: Opposition leader VD Satheesan denies the report that KPCC president K Sudhakaran wrote to letter Rahul Gandhi on resignation

We use cookies to give you the best possible experience. Learn more