| Sunday, 29th January 2023, 10:48 am

കേരള സി.പി.ഐ.എമ്മും ദല്‍ഹിയിലെ സംഘപരിവാറും തമ്മില്‍ അവിഹിത ബന്ധം, പ്രതിരോധത്തിലാകുമ്പോള്‍ ഗവര്‍ണര്‍ വിവാദമുണ്ടാക്കി രക്ഷിക്കും: വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഗവര്‍ണര്‍- സര്‍ക്കാര്‍ വിഷയത്തില്‍ പ്രതിപക്ഷം പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

കേരളത്തിലെ സി.പി.ഐ.എമ്മിനും ദല്‍ഹിയിലെ സംഘപരിവാറിനും ഇടയില്‍ ഇടനിലക്കാരുണ്ടെന്നും, സര്‍ക്കാര്‍ പ്രതിരോധത്തിലാകുമ്പോള്‍ ഗവര്‍ണര്‍ വിവാദമുണ്ടാക്കി രക്ഷിക്കുമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

‘ഗവര്‍ണറോടൊപ്പമാണോ മുഖ്യമന്ത്രിക്കൊപ്പമാണോ എന്ന് ചോദിച്ചപ്പോള്‍ കോണ്‍ഗ്രസ് പറഞ്ഞത് രണ്ട് പേരുടെയും ഒപ്പമല്ല, രണ്ട് പേരും ഒന്നിച്ചാണ് നിയമവിരുദ്ധ കാര്യങ്ങളും ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളും ചെയ്യുന്നത്.

കേരളത്തിലെ സി.പി.ഐ.എമ്മും ദല്‍ഹിയിലെ സംഘപരിവാര്‍ നേതൃത്വവും തമ്മില്‍ അവിഹിതമായ ഒരു ബന്ധമുണ്ട്. ആ ബന്ധത്തിന് ഇടനിലക്കാരുണ്ട്. അതിന്റെയൊരു പരിണാമമാണ് ഗവര്‍ണര്‍- മുഖ്യമന്ത്രി സന്ധി,’ സതീശന് പറഞ്ഞു.

ചിന്ത ജെറോമിന്റെ പി.എച്ച്.ഡി വിവാദത്തില്‍ രാഷ്ട്രീയ മാനം നല്‍കേണ്ടതില്ല. അത് സി.പി.ഐ.എമ്മും സര്‍വകലാശാലയും പരിശോധിക്കട്ടെ. ഉയര്‍ന്നിരിക്കുന്നത് ഗുരുതരമായ ആരോപണം ആണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഭരണ സ്തംഭനമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞത് ശരിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഭാരത് ജോഡോ യാത്രയുടെ തുടക്കത്തില്‍ സി.പി.ഐ.എം രാഹുല്‍ ഗാന്ധിയെ അപമാനിക്കാന്‍ ശ്രമിച്ചു. ബി.ജെ.പിയോട് ഒപ്പം ചേര്‍ന്ന് കണ്ടെയ്‌നര്‍ ജാഥ എന്ന് വിളിച്ചു.

ദേശീയ നേതൃത്വത്തേക്കാള്‍ വലിയ നേതൃത്വമായി സംസ്ഥാനം മാറി. സി.പി.ഐ.എമ്മിന്റെ ദേശീയ നേതൃത്വം കേരള സി.പി.ഐ.എമ്മിന്റെ ചൊല്‍പ്പടിയിലാണെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയിരുന്നു.

സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കാന്‍ താന്‍ പ്രതിപക്ഷ നേതാവല്ലെന്നും, ഇത് തന്റെ കൂടെ സര്‍ക്കാരാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളെയാണ് താന്‍ വിമര്‍ശിച്ചതെന്നും, പല മേഖലകളിലും സര്‍ക്കാരിന്റേത് മികച്ച പ്രവര്‍ത്തനമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് രൂക്ഷമായിരുന്ന സാഹചര്യത്തില്‍ നിന്ന് വിഭിന്നമായി സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള ആരിഫ് മുഹമ്മദ് ഖാന്റെ പരാമര്‍ശങ്ങള്‍ ശ്രദ്ധേയമാണ്.

റിപബ്ലിക് ദിനത്തോടനുബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനില്‍ നടത്തിയ ‘അറ്റ് ഹോമില്‍’ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തിരുന്നു.

Content Highlight: Opposition Leader VD Satheesan Criticizing Governor and CPIM

We use cookies to give you the best possible experience. Learn more